Tuesday, April 13, 2010

മരണം പ്രവാസിയുടെതാകുമ്പോള്‍..!



പ്രവാസികളുടെ മരണം ബന്ധുക്കളെയും നാട്ടുകാരെയും മാത്രമല്ല ദുഃഖത്തിലാഴ്ത്തുന്നത്... അയാളോടൊത്ത് ജോലി ചെയ്യുന്ന ഈജിപ്ഷ്യനും നേപ്പാളിയും... ശ്രീലങ്കക്കാരനും... ഫിലിപ്പൈനിയും... കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലക്കാരും... ഒരുപോലെ ദുഃഖിക്കുന്നു. ഇവിടെ എല്ലാവരും ഒരു മെയ്യാണ്. ദുഃഖത്തിലും സന്തോഷത്തിലും ഇവര്‍ ഒത്തുചേരുന്നു. മരണം അനാഥമാക്കിയ കുടുംബത്തിന് ഇവരെല്ലാവരും തന്നെ കൈ മെയ്യ് മറന്ന് സഹായിക്കുന്നു. സ്വരുക്കൂട്ടിയത് നാട്ടിലെത്തിക്കുന്നു. ഇത് പബ്ലിസിറ്റി സഹായമല്ല... മനസ്സിന്റെ ആര്‍ദ്രതയില്‍ നിന്ന് രാഷ്ട്ര ഭാഷാ വ്യത്യസ്തതയില്ലാതെ പ്രവഹിക്കുന്ന നീരൊഴുക്കാണ്. ഇതിന് സ്റ്റേജില്ല... മന്ത്രിമാരില്ല... പത്രറിപ്പോര്‍ട്ടര്‍മാരില്ല... ഇവരെ ആരുമറിയുന്നുമില്ല...
നിശ്ശബ്ദമായി പ്രവര്‍ത്തിക്കുന്ന ഒരുപാട് മനുഷ്യസ്‌നേഹികളുണ്ട്. മരിച്ചവരുടെ ഉറ്റവരോ ഉടയവരോ ഇല്ലാതെ വരുമ്പോള്‍ ആസ്​പത്രി മോര്‍ച്ചറിയിലെ വാച്ചര്‍മാര്‍ വിളിച്ചറിയിക്കുന്ന ചിലരുണ്ട്. അവര്‍ വരും.. നിയമവശങ്ങളും റിലീസിങ്ങും നടത്തും. എംബാമിങ്ങും കര്‍മ്മങ്ങളും നടത്തും... സംസ്‌കരിക്കലും... ക്രിയകളും ചെയ്യും. ഇവരാരും അറിയപ്പെടുന്നില്ല. ഇവര്‍ക്കാര്‍ക്കും അറിയപ്പെടാന്‍ ആഗ്രഹവുമില്ല. അവരുടെ കര്‍മ്മപഥത്തില്‍ ദൈവകൃപയും തന്റെ ജീവിതംകൊണ്ട് മറ്റുള്ളവര്‍ക്ക് സഹായവും ചെയ്യുക എന്നത് മാത്രമാകും ഇവരുടെ ജീവിതലക്ഷ്യം. എന്തൊക്കെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായാണ് നാമോരുത്തരും ഇവിടെ എത്തുന്നത്!
ജീവിതലക്ഷ്യം നിറവേറ്റുന്നതിനിടയില്‍ ഒരുപാട് ബാധ്യതകളും ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കാനാവാതെ മരണപ്പെടുക, കണ്ണടയുന്നതിന് മുമ്പ് ഉറ്റവരെ, ജന്മം കൊടുത്ത മകനെ- മകളെ കാണാതെ മരിച്ചുപോയ അച്ഛന്റെ അമ്മയുടെ കുഴിമാടം പോലും കാണാതെ... മൂന്നും നാലും വര്‍ഷം... കടംതീര്‍ക്കാന്‍ വിയര്‍പ്പൊഴുക്കി പോകാന്‍ നേരം എയര്‍പോര്‍ട്ടിനടുത്ത് അല്ലെങ്കില്‍ റൂമില്‍ കുഴഞ്ഞ് വീണ് മരണപ്പെടുക... റോഡ് മുറിച്ച് കടക്കുമ്പോള്‍ മരണം വാഹനമായി വന്ന് തട്ടിതെറുപ്പിക്കുക... മരണം പോലും പ്രവാസിക്ക് നല്‍കുന്നത് ഒരുപാട് ദുഃഖമാണ്.
എയര്‍പോര്‍ട്ട് ലോട്ടറി എടുത്ത് പതിനായിരത്തില്‍ ഒരുവന്‍ ഞാനാവണമേ എന്ന് പ്രാര്‍ത്ഥിക്കുക. സൂപ്പര്‍മാളില്‍ നിന്ന് കിട്ടുന്ന റാഫിള്‍ കൂപ്പണില്‍ ഒരുലക്ഷം പേരില്‍ ഭാഗ്യവാന്‍ ഞാന്‍ മാത്രമേ ആകാവൂ എന്ന് പ്രാര്‍ത്ഥിക്കുന്നവര്‍ മരണത്തെക്കുറിച്ച് ഓര്‍ക്കാറില്ല... ഈ ഒരു ലക്ഷം പേരില്‍ നിന്ന് മരണം തിരഞ്ഞെടുക്കുന്നത് തന്നെയായിരിക്കുമോ എന്ന് നാം ഓര്‍ക്കാറില്ല. മരണത്തിന് Draw Date ഇല്ല... എന്നും നറുക്കെടുപ്പുണ്ട്. ഒരുപാട് പേരെ തിരഞ്ഞെടുപ്പ് നടത്തുന്നുണ്ട്. ഒരു ദിവസം നാം നറുക്കെടുപ്പില്‍ ഉള്‍പ്പെടും. ഇന്ന് ഉള്‍പ്പെട്ടിട്ടില്ല. എന്ന് കരുതി ആശ്വസിക്കുക.
ഗള്‍ഫില്‍ നിന്ന് മൂന്നരവര്‍ഷകാലത്തെ കഷ്ടപ്പാടിന് ശേഷം... എന്റെ വീടിനടുത്തുള്ള ഒരാള്‍ നാട്ടില്‍ വരുന്നു. ആളുടെ ഇളയമകളുടെ മുഖം ഇദ്ദേഹം കണ്ടിട്ടില്ല... മൂന്ന് മക്കളില്‍ ഇളയതിനെ കാണാത്തത് കാരണം ഈ വരവിന് നല്ല പകിട്ടുണ്ട്. കളിപ്പാട്ടവും... കുഞ്ഞുടുപ്പുകളുമായാണ് വരവ്... കുട്ടികള്‍ക്കും ഭാര്യയ്ക്കും നിര്‍ബന്ധം എയര്‍പോര്‍ട്ടില്‍ വരാന്‍... വിമാനടിക്കറ്റില്ലാത്ത കാരണം തിരുവനന്തപുരം വഴിയാണ് വരുന്നത്... ഭാര്യയോടും മക്കളോടും തലശ്ശേരി റെയില്‍വേസ്റ്റേഷനില്‍ പുലര്‍ച്ചെ വരാന്‍ പറഞ്ഞു. ഇളയകുട്ടിയെ ഉറങ്ങുകയാണെങ്കിലും കൊണ്ടുവരാന്‍ പറഞ്ഞു. കാണാന്‍ കൊതിയാണ് കാരണം.
സന്തോഷംകൊണ്ട് രാത്രി പകലാക്കിയ ആ വീട്ടിലേക്ക് രണ്ട് പോലീസുകാരുടെ രൂപത്തില്‍ ദുഃഖത്തിന്റെ നിലവിളിയുയര്‍ന്നു. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്കുള്ള ഓട്ടോ യാത്രയില്‍ കെ.എസ്.ആര്‍.ടി.സി. ബസ്സ് ഇടിച്ച് ഈ പ്രവാസി മരണപ്പെട്ട വിവരം തിരുവനന്തപുരം പോലീസ് സ്റ്റേഷനില്‍ നിന്ന് തലശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് അറിയിപ്പ് കിട്ടി. ആ വിവരമാണ് പോലീസ് അറിയിച്ചത്.
ഭര്‍ത്താവിന്റെ മരണവാര്‍ത്തയില്‍ ഞെട്ടിപ്പോയ് ഇന്നും വിധവയായി കഴിയുന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരിക്ക് ആകസ്മിക മരണം കൊണ്ട് തീര്‍ത്തും ഒറ്റപ്പെട്ടുപോയ പ്രവാസികളുടെ ഉറ്റവര്‍ക്ക്... ഭര്‍ത്താവിന്റെ മരണം കൊണ്ട് ഇന്നും കണ്ണീരുമായി കഴിയുന്ന പ്രവാസി വിധവകള്‍ക്ക്... ഞാന്‍ ഇത് സമര്‍പ്പിക്കുന്നു.
(കണ്ണുനിരക്കുന്ന ഈ വരികള്‍ ഫസീല റഫീക്‌ മാതൃഭൂമിയില്‍ എഴുതിയതാണ്. വായിക്കാത്തവര്‍ക്ക് വേണ്ടി ഇതിവിടെ പകര്‍ത്തുന്നു.)

5 comments:

  1. സന്തോഷംകൊണ്ട് രാത്രി പകലാക്കിയ ആ വീട്ടിലേക്ക് രണ്ട് പോലീസുകാരുടെ രൂപത്തില്‍ ദുഃഖത്തിന്റെ നിലവിളിയുയര്‍ന്നു. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്കുള്ള ഓട്ടോ യാത്രയില്‍ കെ.എസ്.ആര്‍.ടി.സി. ബസ്സ് ഇടിച്ച് ഈ പ്രവാസി മരണപ്പെട്ട വിവരം തിരുവനന്തപുരം പോലീസ് സ്റ്റേഷനില്‍ നിന്ന് തലശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് അറിയിപ്പ് കിട്ടി ആ വിവരമാണ് പോലീസ് അറിയിച്ചത്..

    ReplyDelete
  2. ഫസീല റഫീക്കിന്റെ വരികള്‍, സങ്കടായി

    ReplyDelete
  3. മരണത്തിന് Draw Date ഇല്ല... എന്നും നറുക്കെടുപ്പുണ്ട്. ഒരുപാട് പേരെ തിരഞ്ഞെടുപ്പ് നടത്തുന്നുണ്ട്. ഒരു ദിവസം നാം നറുക്കെടുപ്പില്‍ ഉള്‍പ്പെടും. ഇന്ന് ഉള്‍പ്പെട്ടിട്ടില്ല. എന്ന് കരുതി ആശ്വസിക്കുക.

    മനുഷ്യര്‍ ചിന്തിച്ചിരുന്നെങ്കില്‍.....

    ReplyDelete
  4. ഇന്നലെ അബുദാബിയിൽ വെച്ചുണ്ടായ ഒരു വാഹനാപകടത്തിൽ മരണപ്പെട്ട ശിഹാബുദ്ദീൻ സഖാഫിയും തന്റെ ഇളയ കുട്ടിയെ കാണാതെയാണ് യാത്രയായത്. മരണം അത് ഏത് നിമിഷവും നമ്മിലെത്താം എന്ന ചിന്തയെ എന്നും ഉണർന്നിരിക്കാൻ പ്രേരിപ്പിക്കട്ടെ.

    ഓ.ടോ:

    വേർഡ് വെരിഫിക്കേഷൻ മാറ്റിയില്ലെങ്കിൽ തന്റെ ഷേപ്പ് മാറ്റും (ചുമ്മാ ഒരു ഭീഷണി )

    ReplyDelete
  5. ചില മരണം നമ്മെ വല്ലാതെ ഉലക്കും, അന്യരുടെതായാല്‍ പോലും!

    ("വേർഡ് വെരിഫിക്കേഷൻ.."

    ഷേപ്പ് മാറ്റി.)

    ReplyDelete