
നമ്മുടെ കുട്ടികള്‍ എത്രയോ മാറിപ്പോയി! മുററത്ത് മണ്ണപ്പം ചുട്ട് കളിച്ചതും ചിരവയില്‍ പുട്ട് നിറച്ചതും കുരുത്തോല കൊണ്ട് കരവിരുതുകള്‍ സൃഷ്ട്ടിച്ചതും വെറും പഴമക്കാരുടെ ഓര്‍മ്മ മാത്രമായി. ഇന്ന് കളിക്കാന്‍ കുട്ടികള്‍ക്ക് മുറ്റം ആവശ്യമില്ല. അവര്‍ കംബ്യൂട്ടരില്‍ ഇഷ്ട്ടം പോലെ കളിക്കുന്നുണ്ട്. ഹൈ-ടെക് ജീവിതം ആഗ്രഹിക്കുന്നുണ്ട്. പാശ്ചാത്യ രീതികള്‍ അനുകരിക്കുന്നുണ്ട്. ഇതിന്റെയൊക്കെ ഫലമാകാം; തീരെ ചെറിയ കുഞ്ഞുങ്ങള്‍ പോലും മുതിര്‍ന്നവരേക്കാള്‍ 'സാമര്‍ത്ഥ്യം' കാട്ടുന്നു പല കാര്യങ്ങളിലും.
സമൂഹത്തില്‍ സംഭവിച്ച മാറ്റമാണ് കുട്ടികള്‍ സ്വന്തമാക്കുന്നത്. സമൂഹം എങ്ങനെയാണോ അത് തന്നെ കുട്ടികളും ശീലമാക്കുന്നു. അവര്‍ക്കിടയില്‍ മദ്യം-മയക്കുമരുന്നിന്റെ ഉപയോഗം വര്‍ദ്ധിച്ചതിന് തീര്‍ച്ചയായും മുതിര്‍ന്നവര്‍ തന്നെയാണ് ഉത്തരവാദികള്‍. സുഖ ജീവിതം സ്വപ്നം കാണുന്ന കുട്ടികള്‍ അതിനായി സ്വീകരിക്കുന്ന മാര്‍ഗ്ഗം മോഷണ 'കല'യാണ്. മക്കളിലെ നന്മയെ മാത്രമല്ല, തിന്മയെപ്പോലും പ്രോത്സാഹിപ്പിക്കുന്ന പാരെന്റ്സാണ് നമുക്കിടയിലെ മറ്റൊരു ശാപം! അവര്‍ കുറ്റവാളികളെ സൃഷ്ട്ടിക്കുന്ന ഫാക്ടറികള്‍ ആയി മാറിയോ..?
ഒരു സത്യവും ഞെട്ടിക്കാത്ത നമ്മെ നോക്കി പരിഹസിക്കുന്ന മറ്റൊരു വാര്‍ത്ത നോക്കുക.
92 കുട്ടിക്കള്ളന്മാര്!
കോഴിക്കോട് ജില്ലയില്‍ മാത്രം ഈ വര്‍ഷം പിടികൂടിയ വിദ്യാര്‍ഥികളായ മോഷ്ടാക്കളുടെ ഞെട്ടിക്കുന്ന കണക്കാണിത്. കുട്ടികള്‍ക്കിടയിലെ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിന്റെ സാക്ഷ്യപത്രം. കുട്ടികള്‍ക്കിടയിലെ കുറ്റവാസന ഏറ്റവും കൂടുതലുള്ളതു കോഴിക്കോട്ടെന്നര്‍ഥം. കുട്ടികള്‍ ഏറ്റവുമധികം മോഷ്ടിക്കുന്നത് ബൈക്കുകളാണെന്നതാണ് മറ്റൊരു കൗതുകം. മൊബൈല്‍, കമ്പ്യൂട്ടര്‍ എന്നിവയിലും ഇവര്‍ക്കു താല്പര്യമുണ്ട്.
സംസ്ഥാനത്ത് കോഴിക്കോട് കഴിഞ്ഞാല്‍ കുട്ടികള്‍ കള്ളന്മാരായുള്ള കേസുകള്‍ കൂടുതലുള്ളത് എറണാകുളത്തും മലപ്പുറത്തുമാണ്. മോഷ്ടിക്കുന്ന ബൈക്കുകള്‍ 2000 രൂപമുതല്‍ 5000 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഇവ വാങ്ങുന്നതിനായി പ്രത്യേക റാക്കറ്റ് തന്നെ നഗരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പോലിസ് ഭാഷ്യം. ഉപയോഗ ശേഷം മോഷ്ടിച്ച വസ്തുക്കള്‍ ഉപേക്ഷിക്കുന്ന കള്ളന്മാരുമുണ്ട്. മോഷണത്തിന്റെ വ്യാപ്തിയോ, ദോഷമോ ഒന്നും നോക്കാതെ താല്‍ക്കാലിക സുഖത്തിനു വേണ്ടി മാത്രമാണ് ഇവര്‍ മോഷ്ടാക്കളാകുന്നത്. പിടിയിലായവര്‍ക്കു പലര്‍ക്കും ചെയ്ത കുറ്റത്തെ ഓര്‍ത്തുള്ള പശ്ചാത്താപമൊന്നും ഉണ്ടാവാറില്ലെന്ന് പോലീസ് പറയുന്നു.
സമൂഹത്തിലെ തന്നേക്കാള്‍ പ്രായം കൂടിയവര്‍ക്കൊപ്പം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുതുടങ്ങി അവര്‍. ഹൈസ്കൂള്‍ തലം മുതല്‍ പ്ലസ്ടു വരെയുള്ള കുട്ടികളാണ് ഇത്തരം ശ്രേണിയിലുള്ളത്. കേരളത്തില്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പു വരെ അന്യ സംസ്ഥാനക്കാരായ കുട്ടികളായിരുന്നു കുറ്റകൃത്യങ്ങളില്‍ മുന്നിലുള്ളതെങ്കില്‍ ഇന്നു മലയാളി കുട്ടിക്കള്ളന്മാര് ആ സ്ഥാനം ഏറ്റെടുത്തു. 'കള്‍ച്ചറല്‍ ഷോക്ക്' എന്ന ഓമനപ്പേരില്‍ മനശാസ്ത്രജ്ഞര്‍ വിളിക്കുന്ന കുട്ടികളിലെ ഇത്തരം പ്രവണത ഭാവിയില്‍ വലിയ ദോഷങ്ങളാണുണ്ടാക്കുക. കുടുംബാന്തരീക്ഷത്തിലെ അസ്വാരസ്യങ്ങള്‍ മനസിലേല്‍പ്പിക്കുന്ന ആഘാതമാണ് കുട്ടി കുറ്റകൃത്യങ്ങള്‍ക്ക് ഹേതുവെന്ന് പ്രശസ്ത മനശാസ്ത്രജ്ഞനായ ഡോ. പി.എന്‍. സുരേഷ് കുമാര്‍ പറയുന്നു. കുട്ടികള്‍ക്കിടയിലെ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയാന്‍ സ്കൂളുകളില്‍ ബോധവത്ക്കരണ കാമ്പയില്‍ നടത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പി. വിജയന് പറഞ്ഞു.