നാള്‍ക്കുനാള്‍ മരവിക്കുകയാണോ നമ്മുടെ മനസാക്ഷി? നമുക്കുള്ളിലെ മനുഷ്യത്വം നഷ്ട്ടപ്പെടുത്തി നാം സ്വന്തമാക്കുന്നത് മൃഗീയതയാണോ? കഴിഞ്ഞ കുറെ കാലങ്ങളായി നമ്മുടെ നാട്ടില്‍ നിന്നുള്ള ചില വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് ഈ ചോദ്യങ്ങളിലേക്കാണ്. അന്യരുടെ സ്വകാര്യതകളിലേക്ക് ഒളിഞ്ഞുനോക്കാനാണ് നമുക്കിഷ്ട്ടം. വഴിവക്കില്‍ ഒരാളെ സഹായിക്കുമ്പോള്‍ പോലും അതിലെന്തു ലാഭം കിട്ടുമെന്ന് ചിന്തിക്കാന്‍ മലയാളി പഠിച്ചിരിക്കുന്നു.!
പണ്ടൊക്കെ സഹായമനസ്ഥിതി ഉണ്ടായിരുന്നു മലയാളിക്ക്. എവിടെയെങ്കിലും ഒരാള്‍ വീണുകിടപ്പുണ്ടെന്നു അറിഞ്ഞാല്‍ ഓടിയെത്തി സാഹചര്യം ആവശ്യപ്പെടുന്ന സഹായവും ചെയ്തേ അവന്‍ പിന്‍വാങ്ങിയിരുന്നുള്ളൂ. പതിയെപതിയെ നമ്മള്‍ വിഷമിക്കുന്നവന്‍റെ വിഹ്വലതകളില്‍ സന്തോഷിക്കുന്ന 'വിശാലമനസ്ക്ക'രായി. 'അവനതുവേണം' എന്ന് ചിന്തിക്കാന്‍ മാത്രം ശീലിച്ച മനസ്സും നമ്മള്‍ സ്വന്തമാക്കി. ഇന്നിപ്പോള്‍ ചോരയില്‍ കുതിര്‍ന്ന സ്ത്രീയെ പോലും വെറുതെ വിടാന്‍ മലയാളി ഒരുക്കമല്ല.
ഓര്‍ക്കുക, ഇത് ആദ്യത്തെ സംഭവമല്ല. തീപൊള്ളലേറ്റു കത്തിക്കരിഞ്ഞ ഒരു യുവതിയെ ലൈംഗികപീഡനം നടത്തിയത് കോഴിക്കോട് മെഡിക്കല്‍കോളേജിലെ ഒരു സ്റ്റാഫാണ്. അന്ന് ആന്ദ്രയിലെ ഒരു ഐപീയെസ്സ് ഓഫീസര്‍ പ്രതികരണമായി കവിത എഴുതിയതും ശ്രദ്ധേയമായി. ഏഴു മാസം പ്രായമുള്ള കുട്ടിയേയും എഴുപതു കഴിഞ്ഞ വൃദ്ധയെയും പീഡിപ്പിക്കുന്ന നമ്മള്‍ അഹങ്കരിക്കുന്നു, നമ്മേക്കാള്‍ 'പ്രബുദ്ധര്‍' മറ്റാരുമില്ലെന്ന്...!
(ഒരുദാഹരണം നോക്കുക)
നമ്മുടെ കോട്ടയത്താണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. കോട്ടയം നഗരത്തിലെ പ്രമുഖകുടുംബാംഗമായ വിധവയായ വീട്ടമ്മയ്‌ക്കാണ് ഈ ദുരനുഭവമുണ്ടായത്. കഴിഞ്ഞ ബുധനാഴ്‌ച വൈകിട്ടു കോട്ടയം ലൂര്‍ദ് പള്ളിക്കു മുന്നിലായിരുന്നു അപകടം. റോഡരികിലൂടെ നടന്നുവന്ന യുവതിയെ അമിതവേഗത്തിലെത്തിയ കാറിടിക്കുകയായിരുന്നു. തലയ്‌ക്കു സാരമായി പരുക്കേറ്റ യുവതിയെ അതേ കാറില്‍ത്തന്നെ കയറ്റി. അപകടസ്‌ഥലത്തുണ്ടായിരുന്ന മറ്റൊരാളും ഒപ്പം കയറി. ജില്ലാ ആശുപത്രിയിലെത്തുന്നതുവരെ സഹായിക്കാന്‍ കൂടെക്കയറിയ വ്യക്‌തി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. പരുക്കേറ്റ് അര്‍ധബോധാവസ്‌ഥയില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ യുവാവ് ഗൂഢോദേശ്യത്തോടെ സ്‌പര്‍ശിച്ചതായാണ് റിപ്പോര്‍ട്ട്.
ആശുപത്രിയിലെത്തിയ യുവതി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ആശ പി. നായരോട് കരഞ്ഞുകൊണ്ട് ഇക്കാര്യം പറഞ്ഞു. ഡോക്‌ടര്‍ അറിയിച്ചതിനേത്തുടര്‍ന്ന് ഈസ്‌റ്റ് പോലീസ് സ്‌ഥലത്തെത്തി യുവതിയുടെ മൊഴിയെടുത്തു. ആശുപത്രിയിലെത്തും വരെ പ്രതികരിക്കാന്‍ കഴിയാതെ താന്‍ എല്ലാം സഹിക്കുകയായിരുന്നുവെന്ന് യുവതി പോലീസിനു മൊഴി നല്‍കുകയും ചെയ്‌തു. ആശുപത്രി പരിസരത്തുനിന്നു രണ്ടുപേരെ കസ്‌റ്റഡിയിലെടുത്തെങ്കിലും വൈകുന്നേരത്തോടെ കൃത്യമായ പരാതിയില്ലെന്ന കാരണത്താല്‍ വിട്ടയച്ചു. അപകടത്തില്‍ പരുക്കേറ്റ യുവതി മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.