(നമ്മുടെ നാടിന്‍റെ പോക്ക് എങ്ങോട്ടേക്ക് എന്ന് ചോദിക്കാന്‍ എല്ലാവര്ക്കും താല്പര്യമാണ്. പക്ഷെ പോംവഴി പറയാനോ അല്ലെങ്കില്‍ ഫലപ്രദമായി എന്തെങ്കിലും ചെയ്യാനോ ആര്‍ക്കും നെഞ്ചുറപ്പോ ചങ്കുറപ്പോ ഇല്ല. ഉണ്ടായിരുന്നുവെങ്കില്‍ ഇത്ര അധപതനത്തിലേക്ക് നമ്മുടെ നാട് കൂപ്പു കുത്തുമായിരുന്നില്ല.)
ഒരു തവണ പോലും സര്‍ക്കാര്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍റെ ദുര്‍മുഖം കാണാത്തവരായി ആരെങ്കിലുമുണ്ടോ നമുക്കിടയില്‍? ഒരിക്കലെങ്കിലും ഇവറ്റകളെ തല്ലിക്കൊല്ലുകയാണ് വേണ്ടത് എന്ന് ചിന്തിച്ചു പോകാത്തവരുണ്ടോ നമ്മുടെ ഭൂമിമലയാളത്തില്‍? അത്രമാത്രം ആര്‍ത്തി പൂണ്ട കഴുകന്മാരാണ് ജനങ്ങളെ സഹായിക്കാന്‍ എന്ന പേരില്‍ സര്‍ക്കാര്‍ പോറ്റുന്ന താപ്പാനകളും കുഴിയാനകളും. ഏതെന്കിലും ഒരു ആവശ്യം നടക്കണമെങ്കില്‍ ഒന്നിലേറെ പേരെ കണ്ടു കാലും കയ്യും പിടിച്ചാലേ നടക്കുകയുള്ളൂ. അഥവാ, 'ആവശ്യക്കാരന്‍ ഒന്നും തരില്ലാ' എന്ന് തമ്പുരാക്കന്മാര്‍ക്ക് തോന്നിപ്പോയാല്‍ പിന്നെ something കിട്ടുംവരെ നടത്തും. അതോടെ ആവശ്യക്കാരന്‍ ഗതികേടിലാകും. ചിലപ്പോള്‍ ഭ്രാന്ത് വരെ പിടിച്ചേക്കും. അല്ലെങ്കില്‍ നെഞ്ച് പൊട്ടി മരിച്ചു പോകും..!
(നമ്മുടെ നെഞ്ച് തകര്‍ക്കുന്ന അത്തരമൊരു വാര്‍ത്ത ഇതാ..! )
പന്തളം: ജനനസര്‍ട്ടിഫിക്കറ്റിനായി രണ്ടരമാസമായി കയറിയിറങ്ങുന്ന വൃദ്ധന്‍ പഞ്ചായത്ത് ഓഫീസില്‍, സെക്രട്ടറിക്കു മുന്നില്‍ കുഴഞ്ഞുവീണു മരിച്ചു. പത്തനംതിട്ട വെട്ടിപ്പുറം മണപ്പുറത്ത് എം.സി. വര്‍ഗീസാ(ജോയിക്കുട്ടി-67)ണു മരിച്ചത്. കുളനട ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഇന്നലെ രാവിലെ പത്തേമുക്കാലോടെയാണു സംഭവം.ഭാര്യ സൂസന്നാമ്മയ്‌ക്ക് അമേരിക്കയില്‍ മക്കളുടെ അടുത്തു പോകുന്നതിന്റെ ആവശ്യത്തിനു ജനനസര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ ഫെബ്രുവരി 17-നാണു പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കിയത്. രണ്ടരമാസമായി പഞ്ചായത്ത് ഓഫീസില്‍ കയറിയിറങ്ങുകയാണ് അദ്ദേഹം. ഇതുമായി ബന്ധപ്പെട്ടു കഴിഞ്ഞദിവസം ചില ജീവനക്കാരുമായി കൈക്കൂലിപ്രശ്‌നത്തില്‍ തര്‍ക്കമുണ്ടായതായി പറയപ്പെടുന്നു. 2000 രൂപ കൈക്കൂലി ചോദിച്ചെന്നാണ് ആരോപണം. ഇന്നലെ രാവിലെ പുതുതായി വന്ന സെക്രട്ടറിയോടു വര്‍ഗീസ് വിവരങ്ങള്‍ ധരിപ്പിച്ചതിന്റെ അടിസ്‌ഥാനത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നു പറഞ്ഞിരുന്നു. അതിനിടെ സെക്രട്ടറിയുടെ മേശമേല്‍ വര്‍ഗീസ് കുഴഞ്ഞുവീഴുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ചു സി.പി.എം. പ്രവര്‍ത്തകര്‍ എല്‍.ഡി. ക്ലര്‍ക്ക് ജ്യോതിലക്ഷ്‌മിയെ തടഞ്ഞുവച്ചു. പിന്നീടു പോലീസെത്തിയാണ് ഇവരെ മോചിപ്പിച്ചത്.