ആവശ്യത്തിനും അനാവശ്യത്തിനും മരുന്ന് തിന്നുന്നവരാണ് മലയാളികള്‍. ഡോക്ടര്‍ മരുന്നിനു എഴുതിയില്ലെങ്കില്‍ അദ്ദേഹത്തെ ചീത്ത വിളിക്കാന്‍ പോലും മടിക്കാത്തവര്‍. വര്‍ഷംപ്രതി എത്ര മരുന്നുകളാണ് നാം അകത്താക്കുന്നത്! ഇന്ത്യയിലെ മരുന്ന് കമ്പനികളില്‍ പലതും അടച്ചു പൂട്ടിയതാണെന്നു നമ്മള്‍ അറിയുന്നില്ല. നിരോധിത മരുന്നുകളില്‍ ചിലതൊക്കെ ഇപ്പോഴും ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കാര്യവും നാം മറക്കുന്നു. എത്ര നിസ്സാരമായ അസുഖത്തിന് പോലും മരുന്നും ടെസ്റ്റും കുറിക്കുന്ന ഡോക്ടര്‍മാരുടെ സ്വന്തം നാടാണ് കേരളം. അവര്‍ക്കാവശ്യമുള്ളത് മരുന്ന് കമ്പനിക്കാര്‍ നല്‍കും!
സര്‍ക്കാര്‍ കാര്യങ്ങളിലെ അനാസ്ഥ സൃഷ്ട്ടിക്കുന്ന ദുരന്തങ്ങള്‍ ജനങ്ങളെ പിടികൂടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അതിലൊന്ന് കാലഹരണപ്പെട്ട മരുന്നുകള്‍ വിതരണം ചെയ്ത് കാലാകാലം രോഗിയാക്കുന്ന /പച്ചക്ക് കൊല്ലുന്ന രീതിയാണ്. കോഴിക്കോട് നിന്നുള്ള ഒരു വാര്‍ത്ത നമ്മുടെ കണ്ണ് തുറക്കുമോ?
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ ജനിച്ച പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് കുത്തിവച്ച ടി.ബി. നിര്‍ണയിക്കുന്നതിനുള്ള മരുന്നായ 'മാന്‍ഡക്‌സ' കാലാവധി കഴിഞ്ഞതാണെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. നാലു മാസത്തിനിടെ മൂവായിരത്തോളം കുഞ്ഞുങ്ങള്‍ക്ക് ഈ മരുന്ന് കുത്തിവച്ചിട്ടുണ്ട്. 2010 ജനുവരിയില്‍ ഉപയോഗശൂന്യമായ ഇവ നാലു മാസത്തോളം വിതരണം ചെയ്‌തുവെന്നാണു വ്യക്‌തമാകുന്നത്. വിവരം പുറത്തായതോടെ ബാക്കിവന്ന മരുന്നുകള്‍ അധികൃതര്‍ കൂട്ടത്തോടെ നശിപ്പിക്കുകയായിരുന്നു.
മാന്‍ഡക്‌സ് കാലാവധിക്കു ശേഷം ഉപയോഗിച്ചാല്‍ കുട്ടികളില്‍ ടിബിയുണ്ടാവുകയും മരണം വരെ സംഭവിക്കുകയും ചെയ്‌തേക്കാം. തുടര്‍ച്ചയായി ഉണ്ടാകുന്ന പനിയോടെയായിരിക്കും തുടക്കം. കുട്ടികളുടെ ശരീരം ശോഷിച്ചുവരുന്നതും ഈ മരുന്നിന്റെ അനാവശ്യ ഉപയോഗം മൂലമാണ്. മാന്‍ഡക്‌സ് തൊലിയിലേക്കു കുത്തിവയ്‌ക്കുതിനാല്‍ ത്വക് സംബന്ധമായ രോഗങ്ങള്‍ക്കും സാധ്യതയുണ്ട്. 2009 ആദ്യവാരം സംഭരിച്ച ഈ മരുന്നുകള്‍ കാലാവധി കഴിഞ്ഞിട്ടും ഉപയോഗിച്ചത് ജീവനക്കാരുടെ ഒത്താശയോടെയാണെന്നും ആരോപണമുണ്ട്.
കാലാവധി കഴിഞ്ഞ മരുന്നാണു കുത്തിവച്ചതെന്ന വിവരം പുറത്തറിഞ്ഞതോടെ കുട്ടികളുടെ രക്ഷിതാക്കള്‍ ആശങ്കയിലാണ്. ഗര്‍ഭനിര്‍ണയത്തിനുള്ള കാര്‍ഡുകളും കാലാവധി കഴിഞ്ഞതാണു വിതരണം ചെയ്‌തുകൊണ്ടിരുതെന്നും ആരോപണമുണ്ട്. ഇത്തരം കാര്‍ഡുകളിലൂടെയുള്ള പരിശോധനാഫലം വിപരീതമാവാന്‍ സാധ്യതയുണ്ട്. ബാക്കിവന്ന ഈ മരുന്നുകളും അധികൃതര്‍ നശിപ്പിക്കുകയായിരുന്നു.