Friday, June 4, 2010

നമ്മളെ അവര്‍ കടലില്‍ താഴ്ത്തും..!


നമ്മുടെ ദേശീയ വിമാന കമ്പനികള്‍ നമ്മെ സ്നേഹിച്ചു കൊല്ലും എന്നതിന് ഇനിയെന്ത് തെളിവ് വേണം? ആകാശത്ത് വെച്ച് അടിപിടി നടത്തിയവര്‍ ഇനിയും എന്തൊക്കെ ചെയ്യും ആവോ? ഒരു വാര്‍ത്ത നോക്കുക. വായിച്ച ശേഷം നെഞ്ചിടിപ്പ് കൂടിയെന്കില്‍ ആരെയും കുറ്റപ്പെടുത്തേണ്ട! സ്വയം സഹിച്ചാല്‍ മതി.

മേയ്‌26ന്‌ ദുബായ്‌-പുനെ എയര്‍ ഇന്ത്യാ എക്‌സ്പ്രസ്‌ അറബിക്കടലില്‍ വീഴാതെ രക്ഷപ്പെട്ടത്‌ തലനാരിഴയ്‌ക്ക്. വിമാനം ഓട്ടോമാറ്റിക്‌ സംവിധാനത്തിലിട്ട്‌ ഫസ്‌റ്റ് ഓഫീസറെ കോക്‌പിറ്റിന്റെ ചുമതലയേല്‍പിച്ച്‌ പ്രധാന പൈലറ്റ്‌ പുറത്തുപോയിരുന്നു. താഴേക്കു പതിച്ച വിമാനം നിയന്ത്രിക്കുന്നതില്‍ ഫസ്‌റ്റ് ഓഫീസര്‍ പരാജയപ്പെട്ടപ്പോള്‍ കൃത്യസമയത്തു തിരികെയെത്തി വിമാനം വീണ്ടും ഉയര്‍ത്താന്‍ പ്രധാന പൈലറ്റിനു കഴിഞ്ഞതാണു വന്‍ദുരന്തം ഒഴിവാക്കിയത്‌. വിമാനം അറബിക്കടലില്‍ പതിക്കാന്‍ രണ്ടു മിനിറ്റ്‌ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. സാങ്കേതിക തകരാറുണ്ടാകാതിരിക്കാന്‍ ഭാഗ്യവും തുണയായി.
വിമാനം 37,000 അടി ഉയരത്തില്‍ പറക്കുമ്പോഴാണ്‌ ജീവനക്കാരടക്കം 118 യാത്രക്കാരുണ്ടായിരുന്ന വിമാനത്തിന്റെ ചുമതല ഫസ്‌റ്റ് ഓഫീസറെ ഏല്‍പിച്ച്‌ പ്രധാന പൈലറ്റ്‌ ടോയ്‌ലറ്റില്‍ പോയത്‌. നിയന്ത്രണം നഷ്‌ടപ്പെട്ട വിമാനം അയ്യായിരം അടിയോളം താഴേക്കു പോന്നു. മറ്റൊരു വിമാനത്തിന്റെ സഞ്ചാരപഥത്തിലേക്കു താണ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ പ്രധാന പൈലറ്റ്‌ അല്‍പം വൈകിയിരുന്നെങ്കില്‍ വന്‍ ദുരന്തം സംഭവിക്കുമായിരുന്നു. മംഗലാപുരം വിമാനദുരന്തത്തിനു നാലു ദിവസത്തിനു ശേഷമായിരുന്നു ഈ സംഭവം. ടോയ്‌ലറ്റില്‍ പോയ പ്രധാന പൈലറ്റ്‌ മടങ്ങിയെത്തി കോക്‌പിറ്റ്‌ തുറക്കാനുള്ള ബട്ടണ്‍ അമര്‍ത്തിയെങ്കിലും ഫസ്‌റ്റ് ഓഫീസറില്‍നിന്നു പ്രതികരണമുണ്ടായില്ല.

അപകടം മണത്ത പ്രധാന പൈലറ്റ്‌ അടിയന്തര കോഡ്‌ ഉപയോഗിച്ച്‌ വാതില്‍ തുറന്ന്‌ അകത്തുകടക്കുകയായിരുന്നു. വിമാനം 23 ഡിഗ്രി ചരിവില്‍ അതിവേഗം താഴേക്കു പതിക്കുന്നതാണ്‌ അദ്ദേഹത്തിനു കാണാന്‍ കഴിഞ്ഞത്‌. ശബ്‌ദവേഗത്തിന്‌ അല്‍പം മാത്രം താഴെയായിരുന്നു വിമാനത്തിന്റെ വീഴ്‌ച. അതിപ്രഗത്ഭനായ പൈലറ്റ്‌ വിമാനം നിയന്ത്രണവിധേയമാക്കി മേലോട്ടുയര്‍ത്തിയതുമൂലം ദുരന്തം ഒഴിവായി. അതിവേഗത്തില്‍ താഴേക്കു പതിക്കുന്ന വിമാനം പെട്ടെന്ന്‌ ഉയര്‍ത്തുമ്പോള്‍ സാങ്കേതിക തകരാറുണ്ടാകാന്‍ സാധ്യത കൂടുതലാണെങ്കിലും പൈലറ്റിന്റെ പ്രാഗത്ഭ്യത്തിന്‌ അതിനെയും അതിജീവിക്കാന്‍ കഴിഞ്ഞു. താഴേക്കു പതിച്ച വിമാനം നിയന്ത്രിക്കാന്‍ ഫസ്‌റ്റ് ഓഫീസര്‍ക്കു കഴിയാതെപോയത്‌ എന്തുകൊണ്ടെന്നു വ്യക്‌തമായിട്ടില്ല. ഫസ്‌റ്റ് ഓഫീസര്‍മാര്‍ക്ക്‌ എയര്‍ ഇന്ത്യാ എക്‌സ്പ്രസ്‌ നല്‍കുന്ന പരിശീലനത്തിന്റെ മികവ്‌ ഇതോടെ ചോദ്യംചെയ്യപ്പെട്ടിരിക്കുകയാണ്‌. രണ്ടു പൈലറ്റുമാരെയും ജോലിയില്‍നിന്നു മാറ്റിനിര്‍ത്തിക്കൊണ്ട്‌ എയര്‍ ഇന്ത്യാ എക്‌സ്പ്രസ്‌ നടത്തുന്ന അന്വേഷണം പൂര്‍ത്തിയായിട്ടില്ല.

17 comments:

 1. ഈ ബ്ലോഗ്ഗിലെ പോസ്റ്റുകള്‍ക്ക് വായനക്കാര്‍ കമന്റിടണം എന്ന് ബ്ലോഗ്ഗര്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ ഒരു കാര്യം നിര്‍ബന്ധമുണ്ട്. വായിച്ച ശേഷം ഇതിലെ വിഷയം സ്വന്തം മനസാക്ഷിയിലേക്ക് പകര്‍ത്തണം. എന്നിട്ട് സ്വയം ചിന്തിക്കുക. നമ്മുടെ ലോകം, നമ്മുടെ നാട്, നമ്മുടെ സമൂഹം എത്ര മാറിപ്പോയെന്ന്..!

  ReplyDelete
 2. താങ്കളുടെ നിരീക്ഷണത്തിന് അഭിനന്ദനങ്ങള്‍

  ReplyDelete
 3. എന്‍റെ റബ്ബേ….. ഈ ഹംക്കുകളെ വിശ്വസിച്ചല്ലെ നമ്മുടെ ജീവന്‍ കയ്യില്‍ കൊടുക്കുന്നത്. പിന്നെ ഒരു പഴഞ്ചൊല്ല് ഇല്ലെ “വെട്ട് തടുത്താലും മുട്ട് തടുക്കാന്‍ കഴിയില്ലാ“ എന്ന്. അതും കൂടി നമ്മള്‍ കണക്കിലെടുക്കണ്ടെ. പക്ഷെ അവരുടെ ഒരു “മുട്ട്” തടുക്കലില്‍ ഒരുപാട് ജീവന്‍ കുടി ഉണ്ടെന്നവര്‍ ഓര്‍ക്കണമായിരുന്നു.

  ReplyDelete
 4. ഞാന്‍ എയര്‍ ഇന്ത്യ ഒഴിവാക്കിയിട്ടു കുറെ കൊല്ലങ്ങളായി.ദുബായ് എയര്‍പോര്‍ട്ടില്‍ ബോര്‍ഡിംഗ് പാസും തന്നു ഇമിഗ്രേഷന്‍ കഴിഞ്ഞതിനു ശേഷം ഒരു രാത്രി മുഴുവന്‍ ഒരു തുള്ളി വെള്ളം പോലും തരാതെ എന്നെ ചുറ്റിച്ചു.യാത്ര ചെയുമ്പോള്‍ ഉത്തരേന്ത്യന്‍ വിമാന ജോലിക്കാര്‍ക്ക് എത്ര പുച്ഛം ആണ് മലയാളികളോട്.മറ്റുള്ള രാജ്യക്കാര്‍ക്കു എത്ര സ്നേഹമാണ് അവരുടെ ദേശീയ വിമാന കമ്പനികളോട്,നമുക്ക് എങ്ങിനെ സ്നേഹിക്കാന്‍ കഴിയും ഇവരെ.

  ReplyDelete
 5. എവിടെയാണ് റെഫീ ബ്യൂറോക്രസിയുടെ അണുബാധയില്ലാതത്.?
  മനുഷ്യന്റെ ജീവനെ നാം ഇത്രയേറെ വില കല്പിക്കുന്നതിനാലല്ലേ നാം വല്ലാതെ ക്ഷോഭിക്കുന്നത്. നമ്മുടെ ജീവിതത്തിന്റെ പാച്ചിലിനായി നാം തീർത്തുകളഞ്ഞ ജീവജാലങ്ങൾ എത്ര?

  പിന്നെ, സമ്പന്നമായ ഒരു ജീവിതസാഹചര്യം ആരെയും മറക്കാൻ പ്രേരിപ്പിക്കുന്ന ഒരു മനുഷ്യസമൂഹമല്ലേ നമ്മുടേത്.
  ആർ ആരെയാണ് വിലവയ്ക്കുന്നത്? എവിടെയോ നമുക്ക് സ്നേഹത്തിന്റെ സ്നിഗ്ദ്ധത നഷ്ടമാകുന്നുണ്ട്. ഉദ്യോഗസ്ഥ തലത്തിൽ പരിഹരിക്കാനാകുമോ അത്?

  ReplyDelete
 6. എന്തിനാ ഗവണ്മെന്റ് വഴിപാടുപോലെ ഈ പക്ഷിയെ പറത്തുന്നെ? ഞാന്‍ കേറില്ല ഇതില്‍.

  ReplyDelete
 7. ഇല്ലാ കയറില്ല. ഇത് സത്യം സത്യം സത്യം..!

  ReplyDelete
 8. ഞാനിപ്പോള്‍ ഇതിലാണ് ബുക്ക്‌ ചെയ്തിരിക്കുന്നത്, പേടിയാകുന്നു ഇതൊക്കെ കേട്ടിട്ട്.

  ReplyDelete
 9. @ തെച്ചിക്കോടന്‍ :

  പ്രിയ തെച്ച്ചിക്കോടാ, പേടിപ്പിക്കാന്‍ പറഞ്ഞതല്ല. shaji qatar എന്ന സ്നേഹിതന്‍ പറഞ്ഞ വാക്കുകള്‍ കേട്ടില്ലേ. ഉത്തരേന്ത്യന്‍ ലോബ്ബിയുടെ കറുത്ത കരങ്ങളില്‍ അകപ്പെട്ട മാന്‍പേടയാണ് ഈ വിമാനക്കമ്പനി.
  ആര്‍ക്കാണ് ഈ കമ്പനിയില്‍ നിന്ന് മോശപ്പെട്ട അനുഭവം ഇല്ലാത്തത്? ആരാണ് ഇതിനെ വേറുക്കാത്തത്? ആര്‍ക്കുണ്ട് ഇതില്‍ യാത്ര ചെയ്യാന്‍ താല്പര്യം? പിന്നെ, മറ്റൊരു വഴിയും ഇല്ലാത്തത് കൊണ്ട് മാത്രം പ്രവാസികള്‍ ഇതില്‍ യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. അതും അതിനെ മനസ്സാ ശപിച്ചുകൊണ്ട്.

  ലോകത്ത് ഒരിടത്തും ഇത്രയും മോശപ്പെട്ട സര്‍വീസ്‌ ഉണ്ടാകില്ല. ഇതിനെ ബഹിഷ്കരിക്കുക.. പുച്ചിച്ചു പുറംകാലു കൊണ്ട് വലിച്ചെറിയുക.

  (നല്ലൊരു യാത്ര നേരുന്നു. ദൈവം തുണയാകട്ടെ..)

  ReplyDelete
 10. എന്റെ കമ്പനിയിലെ നൂറില്‍പരം മലയാളികളും യാത്ര ചെയ്യുന്നത് മറ്റ് എയര്‍ലൈന്‍സ്‌ലാണ്. അതുകൊണ്ട് 'മഹാരാജാവിന്റെ' വഷളത്തരം കാണുന്നില്ല. നല്ല പോസ്റ്റ്.

  ReplyDelete
 11. പേടിപ്പിക്കല്ലെ ടിക്കറ്റെടുത്ത് ദിവസം ഓരോന്നായി എണ്ണി തീർക്കുകയാ കേരളത്തിലെ തെങ്ങും തലപ്പൊന്നു കാണാൻ..ഒരു ദുരന്തം കണ്ടതിനു ശേഷം അധികവും വാർത്തകളിൽ വിമാനം തലനാരിഴക്കു രക്ഷപ്പെട്ടു എന്നുള്ള പല വാർത്തകളും കാണുമ്പോൽ നാട്ടിൽ പോകാൻ തന്നെ പേടി .. നമുക്കു വരാനുള്ളതെ എങ്ങിനേയും വരും എന്നാലും പേടി ആർക്കും കാണില്ലെ ..ഞങ്ങൾ ഇതിനല്ല പോകുന്നത് എന്നൊരു അഹങ്കാരത്തോടെ വേണമെങ്കിൽ പറയാം എന്നാലും വരാനുള്ളത് വഴിയിൽ തങ്ങില്ല എന്നു പറയുമ്പോലെ ..പടച്ചവൻ കാത്തു രക്ഷിക്കട്ടെ എല്ലവരേയും.

  ReplyDelete
 12. ഉറുമ്പിന്റെ ജീവന്റെ വില പോലും കാണാതെ നമ്മുടെ ജീവിതത്തെ തട്ടിക്കളിക്കുന്ന ഇവരെയൊക്കെ മുക്കാലിയ്ക്ക് അടിക്കണം.
  കേട്ടില്ലായിരുന്നു, മംഗലാപുരം ദുരന്തത്തില്‍ നഷ്ടപരിഹാരം കിട്ടാന്‍ ബന്ധുക്കള്‍ പോയി അപേക്ഷാ ഫോറം പൂരിപ്പിച്ചു കൊടുത്താലേ നമ്മുടെ ഈ "കിളി" പ്രസാദിക്കുകയുള്ളൂ എന്ന്.
  ഉറ്റവരും ഉടയവരും നഷ്ട്ടപ്പെട്ട വേദനയില്‍ കഴിയുന്ന അവര്‍ ഫോറം പൂരിപ്പിച്ചു നല്‍കണം എന്ന് പറയുന്നതിന്റെ ഔചിത്യം ഒന്നാലോചിച്ചു നോക്കൂ.
  ഇവരെയൊക്കെ എന്താ ചെയ്യേണ്ടത്?

  ReplyDelete
 13. @ ഉമ്മുഅമ്മാർ :

  ഈ വാര്‍ത്ത നോക്കുക. ഇന്നത്തെ മാതൃഭൂമിയില്‍ നിന്നാണ് ഈ വാര്‍ത്ത.

  ചെന്നൈ: ജെറ്റ് എയര്‍വേയ്‌സ്-എയര്‍ ഇന്ത്യ വിമാനങ്ങള്‍ ചെന്നൈയില്‍ വന്‍ കൂട്ടിയിടിയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. സമുദ്രനിരപ്പില്‍ നിന്നും 17,000 അടി ഉയരത്തില്‍ തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ വെച്ചാണ് വിമാനങ്ങള്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ മാത്രം രക്ഷപ്പെട്ടത്.

  250 യാത്രക്കാരും നിരവധി ജീവനക്കാരുമുണ്ട് ഇരുവിമാനങ്ങളിലും കൂടി. ചെന്നൈയില്‍ നിന്നും മധുരയിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ വിമാനവും ചെന്നൈ-തിരുവനന്തപുരം ജെറ്റ് എയര്‍വേയ്‌സുമാണ് ഒരേ ദിശയില്‍ ഒരേ സമയം തിരിച്ചിറങ്ങുകയും മറ്റൊന്ന് പറന്നുയരുകയും ചെയ്തത്.

  ഒരേ ലൈനിലായതാണ് അപകടസാധ്യതയുണ്ടാക്കിയെങ്കിലും പൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍ മൂലം കൂട്ടിയിടി ഒഴിവായി. കൂട്ടിയിടി ഒഴിവാക്കാനായി ജെറ്റ് എയര്‍വേയ്‌സ് വിമാനം പെട്ടെന്ന് താഴ്ത്തുകയും എയര്‍ ഇന്ത്യ പൈലറ്റ് വിമാനത്തിന്റെ വേഗത പെട്ടെന്ന് കുറയ്ക്കുകയും ചെയ്തു.

  സിവില്‍ ഏവിയേഷന്‍ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ മൂന്നാമത്തെ അപകടസാധ്യതയാണിത്. റഡാര്‍ ഉപയോഗിച്ചുള്ള ശരിയായ സിഗ്നല്‍ സംവിധാനം ഈ ഭാഗത്ത് ഇല്ലാത്തതാണ് സംഭവത്തിന് ഒരു കാരണമെന്ന് വ്യോമഗതാഗത വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

  ReplyDelete
 14. പണ്ടൊക്കെ റോഡിലായിരുന്നു അപകടങ്ങള്‍ കൂടുതല്‍,ഇപ്പോള്‍ വിമാനത്തിലും!. മനുഷ്യന്റെ ജീവനു യാതൊരു വിലയുമില്ലാതായി.അപ്പോള്‍ ആ പൈലറ്റിനും ജീവനില്‍ കൊതിയില്ലെ?

  ReplyDelete
 15. കപ്പല്‍ സര്‍വീസ്‌ തുടങ്ങിയിരുന്നെങ്കില്‍ അല്പം വൈകിയാലും അതാണ്‌ നല്ലതെന്നു തോന്നും.വെള്ളം കുടിച്ചെങ്കിലും മരിക്കാമല്ലോ .

  ReplyDelete
 16. ബ്ലോഗർക്ക് താല്പര്യമില്ലങ്കിലും ഞാൻ കമന്റിടുന്നു. കാരണം ഞാൻ കമന്റുകളെ ഇഷ്ട്ടപെടുന്നു. കംറ്റുകളാണു ശ്ക്തി എന്നും വിശ്വസിക്കുന്നു.
  പിന്നെ, ദുരന്തമുഖത്തുനിന്നു നമ്മെ രക്ഷിക്കാൻ ദൈവത്തോട് പ്രാർത്തിക്കാം…… നിരന്തരം……

  ReplyDelete