Thursday, May 13, 2010

പാവം പാവം പ്രവാസി...!


സ്വന്തം നാട്ടില്‍ വല്ല ഗതിയും ഉണ്ടെങ്കില്‍ ആരാണ് സ്വന്തം നാടും വീടും വിട്ട് അന്യദേശത്ത് പോയി ആരാന്‍റെ ആട്ടും തുപ്പും സഹിച്ചു ജീവിക്കാന്‍ ഒരുമ്പെടുക! അതില്ലാത്തത് കൊണ്ടാണ് ഇതെല്ലാം ഇട്ടെറിഞ്ഞു ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ബദ്ധപ്പാട് സഹിച്ചു ഒരാള്‍ പ്രവാസിയാകുന്നത്. ഗള്‍ഫിലും ഇതര വിദേശ രാജ്യങ്ങളിലും പ്രയാസം അനുഭവിച്ചു പ്രവാസ ജീവിതം നയിക്കുന്നവരില്‍ ഭൂരിഭാഗംപേരും മലയാളികളാണ്. പക്ഷെ, പലപ്പോഴും അവനു ലഭിക്കുന്നത് സന്തോഷത്തിന്റെ പൊന്‍കിരണങ്ങളല്ല.. സങ്കടങ്ങളുടെ പെരുമഴയാണ്.., സ്വന്തം വീട്ടുകാരില്‍ നിന്ന്.. നാട്ടുകാരില്‍ നിന്ന്.. തൊഴിലിടങ്ങളില്‍ നിന്ന്....!

എത്ര പറഞ്ഞാലും എഴുതിയാലും തീരില്ല പ്രവാസികളുടെ ദുരന്ത നാടക ജീവിത കഥകള്‍. ജോലിക്കായുള്ള അലച്ചില്‍.. മിച്ചം നില്‍ക്കാത്ത വരുമാനം... സ്ഥിരതയില്ലാത്ത തൊഴില്‍... മങ്ങുന്ന സ്വപ്‌നങ്ങള്‍..! ആര്‍ക്കും എപ്പോഴും കയറിക്കിടക്കാവുന്ന പുല്‍പായ പോലെയാണ് ഗള്‍ഫുകാരന്റെ ജീവിതം. അവനെ തട്ടിക്കളിക്കാനാണ് അധികാര വര്‍ഗ്ഗത്തിന് താല്പര്യം. അവന്റെ പേരില്‍ പിരിവു നടത്താം., പറന്നു നടക്കാം., ആവശ്യത്തിനും അസമയത്തും 'പ്രവാസക്ഷേമം' എന്ന് കാച്ചിയാല്‍ മാത്രം മതി.

നാട്ടിലിറങ്ങിയാല്‍ കസ്റ്റംസ്‌ ഏമാന്മാരുടെ കണ്ണിറുക്കലും കഥകളിയും കണ്ടു പേടിക്കുന്ന സാധാരണക്കാരന്‍ വഴിചിലവിനു വെച്ചത് പോലും എടുത്തു കൊടുക്കണം. അല്ലെങ്കില്‍ 'അദ്ദേഹം' അതുമിതും പറഞ്ഞു വിരട്ടും. ഒന്നും കിട്ടിയില്ലേല്‍ അടിവസ്ത്രം വരെ അടിച്ചു മാറ്റും പഹയന്മാര്‍. വീടണയുംമുന്‍പേ ചോട്ടാ നേതാക്കളുടെ വരവാണ് മറ്റൊരു തൊന്തരവ്. നേതാവിന്റെ അമ്മേടെ പതിനാറടിയന്തിരത്തിനു വരെ ഗള്‍ഫുകാരന്‍ പിരിവു കൊടുക്കണം. നമ്മുടെ ജീവിതം മുടക്കുന്ന ഹര്‍ത്താലിന് പോലും നമ്മള്‍ 'പണം' കൊടുക്കണം.! അപ്പോഴും പ്രയാസം പുറത്തു കാണിക്കാതെ അവന്‍ 'ജൈ-ഹോ' പാടുന്നു.

ഗള്‍ഫുകാരന്റെ പാസ്പോര്‍ട്ട് ഒരിക്കലും അവന്റെ കയ്യില്‍ ഉണ്ടാകാറില്ല. ജോലിയില്‍ പ്രവേശിച്ചാലുടന്‍ അത് തൊഴിലുടമ സ്വന്തമാക്കും. ഇങ്ങനെ പാസ്പോര്‍ട്ട് വെക്കുന്നവര്‍ പലപ്പോഴും ഭദ്രമായി വെക്കാറില്ല എന്നത് മറ്റൊരു സത്യം. അതിന്‍റെ പൊല്ലാപ്പ് അനുഭവിക്കെണ്ടതാകട്ടെ പാവം യാത്രക്കാരനും. ചിലപ്പോള്‍ പുതുക്കി ലഭിക്കുന്ന പാസ്പോര്‍ട്ടിലും ഇത്തരം ദുരനുഭവങ്ങള്‍ സംഭവിക്കുന്നുണ്ട്. അധികാര വര്‍ഗ്ഗത്തില്‍ നിന്നും പരിഹാരം ഉണ്ടാകാത്ത മറ്റൊരു കൌതുകം ആകുമോ ഇതും?

(ഇതാ, പാസ്പോര്‍ട്ടും പ്രവാസിയെ പരിഹസിക്കുന്നുവോ! വാര്‍ത്ത കാണുക.)
കോഴിക്കോട്‌ പാസ്‌പോര്‍ട്ട്‌ ഓഫീസില്‍നിന്നു നല്‍കിയ പാസ്‌പോര്‍ട്ടിലെ അവ്യക്‌തത കാരണം നിരവധി മലയാളികള്‍ക്ക്‌ എയര്‍പോര്‍ട്ടില്‍ പീഡനം. തൊഴിലന്വേഷകരടക്കമുള്ള നിരവധിപേരാണ്‌ പാസ്‌പോര്‍ട്ടുകളിലെ അപാകം മൂലം പാതിവഴിയില്‍ യാത്ര മുടങ്ങിയും കേസുകളില്‍പെട്ടും ദുരിതമനുഭവിക്കുന്നത്‌. കാഞ്ഞങ്ങാട്‌ വെള്ളിക്കോത്ത്‌ സ്വദേശി പി.ഉണ്ണികൃഷ്‌ണന്‍ കഴിഞ്ഞ ജനുവരിയില്‍ ബന്ധുവിന്റെ വിവാഹത്തിനു നാട്ടിലേക്കു വരുന്നതിനായി ദുബായ്‌ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ പാസ്‌പോര്‍ട്ടില്‍ ഒട്ടിച്ച ഫോട്ടോ ഇളകിയതിനാല്‍ നാട്ടിലേക്ക്‌ മടങ്ങാന്‍ അനുവദിക്കാതെ തിരിച്ചയക്കുകയായിരുന്നു.

പാസ്‌പോര്‍ട്ടില്‍ പടം ഒട്ടിക്കുമ്പോള്‍ ഉപയോഗിച്ച പശയുടെ ഗുണനിലവാരമില്ലായ്‌മയാണ്‌ ഫോട്ടോ ഇളകാന്‍ കാരണം. ഇന്ത്യന്‍ എംബസി വഴി പുതിയ പാസ്‌പോര്‍ട്ടിന്‌ സംഘടിപ്പിച്ചു നാലുമാസത്തിനു ശേഷമാണ്‌ ഉണ്ണികൃഷ്‌ണന്‌ നാടണയാന്‍ കഴിഞ്ഞത്‌. 20000 രൂപയോളം ഇതിനായി ചെലവാകുകയും ചെയ്‌തു. അധികൃതരുടെ ഭാഗത്തെ വീഴ്‌ച ചൂണ്ടിക്കാട്ടിയപ്പോള്‍ പാസ്‌പോര്‍ട്ട്‌ ഇഷ്യു ചെയ്‌തു രണ്ടുമാസത്തിനകം നിര്‍മാണത്തില്‍ എന്തെങ്കിലും അപാകത കണ്ടാല്‍ മാത്രമേ മാറ്റി നല്‍കുകയുള്ളൂ എന്നായിരുന്നു വിശദീകരണം. കോഴിക്കോട്ട്‌ പാസ്‌പോര്‍ട്ട്‌ ഓഫീസിനു വേണ്ടി പാസ്‌പോര്‍ട്ട്‌ ബുക്ക്‌ നാസിക്കില്‍നിന്നാണ്‌ എത്തിക്കുന്നത്‌. അതില്‍ പിന്നീടു വിവരങ്ങള്‍ എഴുതിച്ചേര്‍ത്തു പടം ഒട്ടിച്ച്‌ ബാര്‍കോഡ്‌ നല്‍കിയാണ്‌ വിലാസക്കാരന്‌ നല്‍കുക.

പാസ്‌പോര്‍ട്ടിലെ പാളിച്ച മൂലം നിലേശ്വരം കാലിച്ചിനടുക്കം പുഷ്‌പഗിരിയിലെ പുറവങ്ങര പ്രദീപ്‌കുമാറിനും എയര്‍പോര്‍ട്ടില്‍ ദുരനുഭവമുണ്ടായി. ദുബായിലേക്കുള്ള യാത്രക്കിടെയാണ്‌ പ്രദീപിനെ കോഴിക്കോട്‌ എയര്‍പോര്‍ട്ടില്‍ അധികൃതര്‍ തടഞ്ഞുവച്ചത്‌. മഷി കൊണ്ടെഴുതിയ പാസ്‌പോര്‍ട്ടിലെ അക്ഷരങ്ങള്‍ മാഞ്ഞുപോയതാണു പ്രദീപ്‌കുമാറിനു വിനയായത്‌. ഒടുവില്‍ മറ്റു രേഖകളും യു.എ.ഇയുടെ ബതാഖയും കാണിക്കുകയും, നാട്ടിലേക്കു മടങ്ങുമ്പോഴേക്കും പുതിയ പാസ്‌പോര്‍ട്ട്‌ എടുക്കാമെന്ന വ്യവസ്‌ഥയിലുമാണ്‌ എയര്‍പോര്‍ട്ട്‌ അധികൃതര്‍ വിട്ടയച്ചത്‌. പിന്നീട്‌ ഇന്ത്യന്‍ കോണ്‍സിലേറ്റുമായി ബന്ധപ്പെട്ട്‌ പുതിയ പാസ്‌പോര്‍ട്ടിന്‌ അപേക്ഷ നല്‍കുകയായിരുന്നു. 20000 രൂപ കെട്ടിയാണ്‌ പ്രദീപ്‌കുമാര്‍ പുതിയ പാസ്‌പോര്‍ട്ട്‌ സ്വന്തമാക്കിയത്‌.

പാസ്‌പോര്‍ട്ടില്‍ നീല ബോള്‍പേന കൊണ്ട്‌ എഴുതിയതാണ്‌ അക്ഷരങ്ങള്‍ മായാന്‍ കാരണം. ആധാരം ഉള്‍പ്പെടെയുള്ള രേഖകളില്‍ മഷിപ്പേനകൊണ്ട്‌ കറുത്ത മഷി ഉപയോഗിച്ചു മാത്രമേ എഴുതാന്‍ പാടുള്ളൂവെന്നാണു നിയമം. പാസ്‌പോര്‍ട്ട്‌ തയാറാക്കുന്നതിലെ ഇത്തരം അലംഭാവങ്ങള്‍ക്കു ബലിയാടുകളാവുന്നത്‌, ഉള്ളതെല്ലാം വിറ്റുപെറുക്കി മറുനാട്ടിലെത്തി എന്തെങ്കിലും സമ്പാദിക്കാമെന്ന സ്വപ്‌നവുമായി പോകുന്ന സാധാരണക്കാരാണ്‌. തെറ്റുകള്‍ ശ്രദ്ധയില്‍പെടുത്തിയാലും അവയില്‍നിന്ന്‌ സമര്‍ഥമായി എങ്ങിനെ തലയൂരാമെന്നല്ലാതെ പോംവഴികളെക്കുറിച്ച്‌ അധികൃതര്‍ ചിന്തിക്കുന്നേയില്ല.

(ഇല്ല, ചിന്തിക്കൂല. പക്ഷെ അവന്മാരുടെ അര്‍ശസ്സിന്റെ അസ്കിത മാറ്റാന്‍ ഗള്‍ഫുകാരന്റെ ഔദാര്യം വേണം...)

19 comments:

 1. പാസ്‌പോര്‍ട്ടില്‍ നീല ബോള്‍പേന കൊണ്ട്‌ എഴുതിയതാണ്‌ അക്ഷരങ്ങള്‍ മായാന്‍ കാരണം. ആധാരം ഉള്‍പ്പെടെയുള്ള രേഖകളില്‍ മഷിപ്പേനകൊണ്ട്‌ കറുത്ത മഷി ഉപയോഗിച്ചു മാത്രമേ എഴുതാന്‍ പാടുള്ളൂവെന്നാണു നിയമം.

  പാസ്‌പോര്‍ട്ട്‌ തയാറാക്കുന്നതിലെ ഇത്തരം അലംഭാവങ്ങള്‍ക്കു ബലിയാടുകളാവുന്നത്‌, ഉള്ളതെല്ലാം വിറ്റുപെറുക്കി മറുനാട്ടിലെത്തി എന്തെങ്കിലും സമ്പാദിക്കാമെന്ന സ്വപ്‌നവുമായി പോകുന്ന സാധാരണക്കാരാണ്‌.

  തെറ്റുകള്‍ ശ്രദ്ധയില്‍പെടുത്തിയാലും അവയില്‍നിന്ന്‌ സമര്‍ഥമായി എങ്ങിനെ തലയൂരാമെന്നല്ലാതെ പോംവഴികളെക്കുറിച്ച്‌ അധികൃതര്‍ ചിന്തിക്കുന്നേയില്ല.

  ReplyDelete
 2. വിസാ തട്ടിപ്പുമുതൽ ആരംഭിക്കുന്നു പാവം പ്രവാസിയെ കാത്തിരിക്കുന്ന ചതിക്കുഴികൾ..വീട്ടുകാരിയുടെ കെട്ടുതാലി മുതൽ കെട്ടിപൊക്കിയ ചെറ്റക്കുടിലുവരെ വിറ്റുപെറുക്കി ഗൾഫിലേക്കു പുറപ്പെട്ടാൽ വിമാനതാവളത്തിൽ തുടങ്ങുന്നു അടുത്തപീഡനം അവിടെ നിന്നും രക്ഷപ്പെട്ടാൽ ജോലിയിൽ നിന്ന്,സ്പോൺസറിൽ നിന്ന് അങ്ങിനെയങ്ങിനെ ... പ്രവാസി ശരിക്കും പ്രയാസി യാ‍യി മാറുന്നു ..എങ്ങിനെയെങ്കിലും പച്ചപിടിച്ച് നാട്ടിലേക്ക് തിരിക്കുമ്പോൾ വേറേയും പ്രശനങ്ങൾ ആരംഭിക്കുകയായി... പ്രാവാസി ആരോ അറിഞ്ഞു നൽകിയ ഓമനപ്പേരു . ചിന്തിക്കേണ്ട ... കുറിപ്പ് ആശംസകൾ

  ReplyDelete
 3. "എത്ര പറഞ്ഞാലും എഴുതിയാലും തീരില്ല പ്രവാസികളുടെ ദുരന്ത നാടക ജീവിത കഥകള്‍. ജോലിക്കായുള്ള അലച്ചില്‍.. മിച്ചം നില്‍ക്കാത്ത വരുമാനം... സ്ഥിരതയില്ലാത്ത തൊഴില്‍... മങ്ങുന്ന സ്വപ്‌നങ്ങള്‍..! ആര്‍ക്കും എപ്പോഴും കയറിക്കിടക്കാവുന്ന പുല്‍പായ പോലെയാണ് ഗള്‍ഫുകാരന്റെ ജീവിതം."

  വലിയൊരു സത്യമാണ് റെഫീ, താന്കള്‍ നമ്മുക്ക് മുന്‍പില്‍ ഇട്ടിരിക്കുന്നത്. പുതിയ സാമ്പത്തിക ചുറ്റുപാടുകള്‍ എങ്ങനെയാണ് പ്രവാസി സ്വീകരിക്കേണ്ടത്? ഒരെത്തും പിടിയും കിട്ടുന്നില്ലാ..

  ReplyDelete
 4. തീരില്ല റെഫി പ്രവാസിയുടെ പ്രയാസങ്ങൾ. ഒരു കാലത്തും തീരില്ല. ലോകത്ത് ഏറ്റവും ദുരിതമനഭവിക്കുന്നവരുടെ ഒരു പട്ടിക തയ്യാറാക്കുകയാണെങ്കിൽ അതിൽ ആദ്യത്തെ മൂന്നു സ്ഥാനങ്ങളിൽ ഒന്ന് നമ്മൾക്കല്ലാതെ വേറെ ആർക്കാണു് കിട്ടുക?

  ReplyDelete
 5. റെഫി, നമ്മുടെ സിസ്റ്റം, നന്നാവില്ല, ഒരുകാലത്തും. ജനങ്ങള്‍ അല്ല സംരക്ഷിക്കപ്പെടുന്നത്. അവരെ സേവിക്കാന്‍ എന്ന നിലയില്‍ നിലനിര്‍ത്തുന്ന ബ്യൂറോക്രസിയാണ്.

  ഏലിയാസ് കനേറ്റിയുടെ ഒരു വാചകമുണ്ട്.

  കഴുതപ്പുറത്തിരിക്കുന്ന രാജാവ് കഴുതയോടു പറയുന്നു.” ഞാന്‍ നിന്റെ പുറത്തിരിക്കുന്നത് നിനക്ക് വലിയ ഭാരമാണെന്നെനിക്കറിയാം, അതൊഴിവാക്കാന്‍ നിന്റെ പുറത്തു നിന്നിറങ്ങുന്നതൊഴിച്ച് എന്തു ത്യാഗവും ഞാന്‍ ചെയ്യാം” എങ്ങനെയുണ്ട്?

  പിന്നെ നമ്മള്‍ പ്രതികരിക്കാ‍ന്‍ നില്‍ക്കില്ലല്ലോ. എന്തെന്നാല്‍ നമുക്ക് എവിടെ സമയം.?

  ReplyDelete
 6. This comment has been removed by the author.

  ReplyDelete
 7. എനിക്കിതൊന്നും പ്രശ്നമില്ല , ഞാന്‍ പ്രവാസിയല്ല.! പിന്നെ പ്രവാസിയുടെ വേദന ഞാന്‍ എന്തിനു കാണണം.! അല്ല റെഫി നിനക്ക് വല്ല കാറ്റുമുണ്ടോ. ഇതുകൊണ്ട് ഉണ്ടോ നമ്മുടെ നാട് നന്നാവുന്നു. കോരനു പിന്നെയും കഞ്ഞി കുമ്പിളില്‍ തന്നെയല്ലെ.!

  സ്പോണ്‍സറുടെ കയ്യില്‍ നിന്നും പാസ്പോര്‍ട്ട് നഷ്ടപെട്ട് അതു ഉണ്ടാക്കാന്‍ വേണ്ടി എന്‍റെ സുഹൃത്ത് അനുഭവിച്ച ബുദ്ധിമുട്ടുകള്‍ നേരില്‍ കണ്ടിട്ടുണ്ട്. ആരെങ്കിലും ഇതൊക്കെ വായിച്ച് എന്തെങ്കിലും അലിവ് തോനിയാല്‍ അത്രയും നന്ന്.!!

  ReplyDelete
 8. പ്രവാസി..
  അവനെന്നുമെന്നും
  പ്രയാസി.

  ReplyDelete
 9. "വിസാ തട്ടിപ്പുമുതൽ ആരംഭിക്കുന്നു പാവം പ്രവാസിയെ കാത്തിരിക്കുന്ന ചതിക്കുഴികൾ..വീട്ടുകാരിയുടെ കെട്ടുതാലി മുതൽ കെട്ടിപൊക്കിയ ചെറ്റക്കുടിലുവരെ വിറ്റുപെറുക്കി ഗൾഫിലേക്കു പുറപ്പെട്ടാൽ വിമാനതാവളത്തിൽ തുടങ്ങുന്നു അടുത്തപീഡനം"

  പ്രിയ ഉമ്മു അമ്മാര്‍,
  നിങ്ങളെ പോലുള്ള വനിതാ പ്രവര്‍ത്തകരും ഇത്തരം വൃതികേടുകള്‍ക്കെതിരെ പ്രതികരിക്കണം. എയര്‍പോര്ട്ടിലായാലും എവിടെയായാലും വേണ്ടാതീനം കാണുമ്പോള്‍ ചോദ്യം ചെയ്യണം.
  നമ്മുടെ സഹജീവികള്‍ പ്രയാസം അനുഭവിക്കുമ്പോള്‍ നമ്മള്‍ മൌനം പാലിക്കരുത്.
  അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി.

  ReplyDelete
 10. എന്റെ കമന്റ്‌ മൊത്തം അക്ഷര തെറ്റാണെന്ന് പറഞ്ഞു ഒരാള്‍ മെയില്‍ അയച്ചു അതോണ്ട് ചേഞ്ച്‌ ആക്കാന്‍ തോന്നി .
  പാസ്പോര്‍ട്ട്‌ മാന്യമായി കൈകാര്യം ചെയ്യാന്‍ നാമും ശ്രദ്ദിക്കണം :
  ഉദാഹരണത്തിന് അതില്‍ സ്ടപ്ലെ ചെയ്യാതിരിക്കുക
  അതില്‍ സ്ടിച്കേര്‍ ഒട്ടിക്കാതിരിക്കുക
  ഈര്‍പ്പമുള്ള ഇടങ്ങലേല്‍ വക്കാതിരിക്കുക

  അത്രയൊക്കെ നാമും ആയിരക്കണക്കിന് രൂപ എണ്ണി വാങ്ങി തരുന്ന പാസ്സ്പോര്‍ട്ട് ഒരു റേഷന്‍ കാര്‍ഡിന്റെ ക്വാളിറ്റി എങ്കിലും ഉണ്ടാക്കാന്‍ അധികൃതരും ശ്രമിച്ചാല്‍ ഇക്കാര്യത്തിലെങ്കിലും പാവം പ്രവാസിക്ക് ശാപമോക്ഷമാകും.
  അല്ലേലും വോട്ടില്ലാത്ത പ്രവാസിക്ക് ഇത്രയൊക്കെ മതി എന്നാണോ?

  ReplyDelete
 11. പാസ്പോര്‍ട്ട്‌ സര്‍കാരിന്റെ സ്വത്ത് എന്ന് വെയ്പ് ,
  അപ്പോള്‍ സര്‍കാരിന്റെ നിലവാരമേ ഉണ്ടാവു എന്നാകാം ...
  സര്‍കാര്‍ നന്നെങ്കില്‍ അതും നന്ന് , ആര് ആരോട് പറയാന്‍
  റെഫിയുടെ, പോസ്റ്റ്‌ നന്നായി

  ReplyDelete
 12. എത്ര പറഞ്ഞാലും എഴുതിയാലും തീരില്ല പ്രവാസികളുടെ ദുരന്ത നാടക ജീവിത കഥകള്‍.
  ജോലിക്കായുള്ള അലച്ചില്‍.. മിച്ചം നില്‍ക്കാത്ത വരുമാനം... സ്ഥിരതയില്ലാത്ത തൊഴില്‍... മങ്ങുന്ന സ്വപ്‌നങ്ങള്‍..!
  ആര്‍ക്കും എപ്പോഴും കയറിക്കിടക്കാവുന്ന പുല്‍പായ പോലെയാണ് ഗള്‍ഫുകാരന്റെ ജീവിതം.
  വാസ്തവം..!!
  പക്ഷെ ഇതൊക്കെ ആര് കേള്‍ക്കാന്‍..

  ReplyDelete
 13. Sorry, I can not translate your language

  Greetings from Italy

  ReplyDelete
 14. എന്‍റെ ബ്ലോഗില്‍ refi follower ആയി കണ്ടു. ഇവിടെ വന്നു ഇതൊക്കെ വായിച്ചു .ഞാനും ഒരു പ്രവാസി ആയതു കൊണ്ട് നല്ലപോലെ മനസ്സില്‍ കൊണ്ട് തന്നെ ആണ് വായിച്ചതും,നല്ലപോലെ എഴുതിയിട്ടും ഉണ്ട്. എന്‍റെ എല്ലാ വിധ ആശംസകളും

  ReplyDelete
 15. നമ്മുടെ നാടല്ലെ? വേലി തന്നെ വിളവു തിന്നിട്ടു വഴിപോക്കന്റെ മെക്കിട്ടു കേറും.
  ആരാ ചോദിക്കാനും പറയാനും?

  ReplyDelete
 16. ജീവിച്ചിരിക്കുന്നു ന്ന തെളിവ് കിട്ടാന്‍ വേണ്ടി തന്നെ നമ്മുടെ നാട്ടില്‍ പ്രയാസാ. ന്നട്ടപ്പോ ള്ള പാസ്‌പോര്‍ട്ട്‌ കോലം മാറ്റി മൊന്ച്ചാക്കണത്. ന്‍റെ ചങ്ങായിയെ ഇത് ഇന്ത്യേണ്. ഇബിടെ ബല്ലതും നടക്കണേ ഇച്ചിരി ബുദ്ധിമുട്ടാ


  :)

  ReplyDelete