Monday, November 12, 2012

നാണക്കേടിന്റെ കോലക്കേട്‌



BJPക്കും RSSനും ഇത് ശനിദശയാണ്. സ്വന്തം അനുയായികളാല്‍ വെറുക്കപ്പെടുന്ന ഒരവസ്ഥയിലൂടെയാണ് പാര്‍ട്ടിയിലെ കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്. രാജ്യത്തെ അമ്പലങ്ങളുടെയും ദൈവങ്ങളുടെയും കുത്തകവകാശം കയ്യിലൊതുക്കിയിട്ടുള്ള സംഘികള്‍ക്ക് സ്വന്തം ദൈവങ്ങളേയും അവതാരങ്ങളെയും കുറ്റം പറയാമെന്നായിരിക്കുന്നു. 
പക്ഷെ സ്വന്തം മുഖത്ത് തുപ്പല്‍ ചോദിച്ചുവാങ്ങുന്ന ഇവരുടെ സ്വപ്‌നങ്ങള്‍ ഇനിയെത്ര കാലം വരെ?

ജബല്‍പ്പൂര്‍: ശ്രീരാമന്‍ മോശം ഭര്‍ത്താവാണെന്ന്‌ കുറ്റപ്പെടുത്തിയ മുതിര്‍ന്ന ബിജെപി നേതാവ്‌ രാം ജെത്മലാനിയുടെ മുഖത്ത്‌ തുപ്പുന്നവര്‍ക്ക്‌ അഞ്ച്‌ ലക്ഷം രൂപ സമ്മാനമായി നല്‍കാമെന്ന്‌ ഒരു സന്ന്യാസിയുടെ വാഗ്‌ദാനം! മധ്യപ്രദേശിലെ ജബല്‍പ്പൂരിലെ മഹാമണ്ഡലേശ്വര്‍ സ്വാമി ശ്യാമദാസ്‌ മഹാരാജ്‌ ആണ്‌ വിവാദ വാഗ്‌ദാനവുമായി രംഗത്ത്‌ എത്തിയിരിക്കുന്നത്‌. ഞായറാഴ്‌ച ഗീതാധാം ആശ്രമത്തില്‍ നിറഞ്ഞ സദസ്സിനു മുന്നിലാണ്‌ സ്വാമി വാഗ്‌ദാനം നല്‍കിയത്‌.


താന്‍ നല്‍കിയ വാഗ്‌ദാനം അനുയായികള്‍ക്കിടയില്‍ ചലനം സൃഷ്‌ടിച്ചുവെന്നാണ്‌ സ്വാമി പറയുന്നത്‌. വാഗ്‌ദാനം നല്‍കിയ ശേഷം ജെത്മലാനിയുടെ വിലാസം തിരക്കി തനിക്ക്‌ നിരന്തരം കോളുകള്‍ വന്നുകൊണ്ടിരിക്കുകയാണെന്നും മഹാരാജ്‌ പറയുന്നു

Tuesday, June 28, 2011

ദൈവത്തിന്റെ സമ്പാദ്യം


മനുഷ്യന്‍ മൃഗത്തെക്കാള്‍ അധപതിക്കുന്ന കാഴ്ചകള്‍ കണ്ടിട്ടും നമുക്ക് ഞെട്ടല്‍ ഉണ്ടാകുന്നില്ല. ശാസ്ത്രം പുരോഗമിച്ചിട്ടും മനുഷ്യന്റെ ചിന്താമണ്ഡലം വികസിക്കാത്തത് എന്തുകൊണ്ടാണ്! പിന്നെയും പിന്നെയും അവന്‍ ഭക്തിയുടെ മറവിലുള്ള ചൂഷണത്തില്‍ വീണ്‌പോകുന്നത് എങ്ങനെയാണ്! എത്രയോ തട്ടിപ്പുകളില്‍ അകപ്പെട്ടിട്ടും ഒരു പാഠവും നമുക്ക് കിട്ടുന്നില്ല. വീണ്ടും നാം ചതിക്കപ്പെടുന്നു. സ്വയം നശിക്കുന്നതിന് വഴിയൊരുക്കുന്നു. മറ്റുള്ളവരെ നശിപ്പിക്കുകയും ചെയ്യുന്നു!
ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍ ഭേദമന്യേ പള്ളികളിലും ഭണ്‍ഡാരങ്ങളിലും പണ്ടാരടക്കുന്ന കാശുണ്ടെങ്കില്‍ മിക്കവീടുകളിലും പട്ടിണി നിര്‍മാര്‍ജ്ജനം ചെയ്യാന്‍ കഴിയുമായിരുന്നു. ഈ ഇനത്തില്‍ ദിനംപ്രതി എത്ര കോടികളാണ് നമ്മുടെ സമൂഹം ഒഴുക്കിക്കളയുന്നത്? എന്തിനാ ദൈവങ്ങള്‍ക്ക് കാശ്! സ്വര്‍ണ്ണവും വെള്ളിയും ഞായറും തിങ്കളും അണിഞ്ഞു നടക്കുന്നവരാണോ അവര്‍ ? അതോ ഇതൊക്കെ കൊടുത്ത് ദൈവത്തെ സോപ്പിടാനാണോ മനുഷ്യന്‍ ശ്രമിക്കുന്നത്? അത്തരം ദൈവങ്ങളെ നമുക്ക് ആവശ്യമുണ്ടോ?
വെറുതെയിരിക്കുമ്പോള്‍ , മറ്റൊരു പണിയും ഇല്ലെങ്കില്‍ ചിന്തിച്ചാല്‍ മതി. വേണമെങ്കില്‍ താഴെയുള്ള വാര്‍ത്തയും വായിച്ചോ.

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ പുരാതന അറകള്‍ തുറന്നുള്ള പരിശോധന ആരംഭിച്ചു. ഒന്നര നൂറ്റാണ്ടായി തുറക്കാത്ത രണ്ട്‌ അറകളിലെ പരിശോധന വൈകും. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തില്‍ ഏഴംഗസമിതിയാണു പരിശോധന നടത്തുന്നത്‌.
രഹസ്യഅറയിലെ വിവരങ്ങള്‍ പരസ്യപ്പെടുത്തില്ലെന്നു നിരീക്ഷകന്‍ അഡ്വ. എം.എന്‍ കൃഷ്‌ണന്‍ അറിയിച്ചു. അറകളില്‍ സൂക്ഷിച്ചിരിക്കുന്ന വസ്‌തുക്കളുടെ കണക്ക്‌ സുപ്രീംകോടതിക്കു കൈമാറും. രത്നങ്ങളും സ്വര്‍ണവും വെള്ളിയുമടക്കം അമൂല്യവസ്‌തുക്കള്‍ രഹസ്യഅറകളില്‍ സൂക്ഷിച്ചിരിക്കുന്നതായാണു സൂചന. നൂറ്റാണ്ടുകളായി തിരുവിതാംകൂര്‍ രാജവംശം സ്വരുക്കൂട്ടി വച്ചിരിക്കുന്നതാണിവ. ഏറെ വൈകിയും തുടര്‍ന്ന പരിശോധനയ്‌ക്കൊടുവില്‍ ഒന്നാം അറയിലെ വസ്‌തുക്കള്‍ തരംതിരിക്കാന്‍ സാധിച്ചെന്നാണു സൂചന. ഇവ അളന്നു തിട്ടപ്പെടുത്തി മൂല്യം രേഖപ്പെടുത്താന്‍ 15 ദിവസത്തോളമെടുക്കുമെന്നു സമിതിയംഗങ്ങള്‍ പറഞ്ഞു.
എന്നാല്‍, പ്രധാനപ്പെട്ടതും ഒന്നരനൂറ്റാണ്ടായി തുറക്കാത്തതുമായ രണ്ടറകള്‍ വ്യാഴാഴ്‌ചയോടെയേ തുറക്കൂ. തുറക്കാന്‍ ബാക്കിയുള്ള മൂന്നറകളില്‍ രണ്ടെണ്ണം അഞ്ചുവര്‍ഷത്തിലൊരിക്കല്‍ തുറക്കുന്നവയാണ്‌.ഇപ്പോള്‍ തുറന്നതുള്‍പ്പടെ രണ്ടറകള്‍ വര്‍ഷംതോറും തുറക്കുന്നതാണ്‌. കഷ്‌ടിച്ച്‌ ഒരാള്‍ക്കിറങ്ങാവുന്ന വിസ്‌താരമേ കല്ലറകള്‍ക്കുള്ളൂ. വെളിച്ചമില്ലാത്തതിനാല്‍ വിളക്ക്‌ കൊളുത്തിയാണു പരിശോധന. അറകള്‍ തുറന്നു പരിശോധിക്കുന്നതിനാല്‍ സിറ്റി പോലീസ്‌ കമ്മിഷണറുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷയാണു ക്ഷേത്രപരിസരത്ത്‌ ഒരുക്കിയിരുന്നത്‌.

Tuesday, July 27, 2010

'കുറ്റവാളി' നിര്‍മ്മാണ ഫാക്ടറികള്‍..!


നമ്മുടെ കുട്ടികള്‍ എത്രയോ മാറിപ്പോയി! മുററത്ത് മണ്ണപ്പം ചുട്ട് കളിച്ചതും ചിരവയില്‍ പുട്ട് നിറച്ചതും കുരുത്തോല കൊണ്ട് കരവിരുതുകള്‍ സൃഷ്ട്ടിച്ചതും വെറും പഴമക്കാരുടെ ഓര്‍മ്മ മാത്രമായി. ഇന്ന് കളിക്കാന്‍ കുട്ടികള്‍ക്ക് മുറ്റം ആവശ്യമില്ല. അവര്‍ കംബ്യൂട്ടരില്‍ ഇഷ്ട്ടം പോലെ കളിക്കുന്നുണ്ട്. ഹൈ-ടെക് ജീവിതം ആഗ്രഹിക്കുന്നുണ്ട്. പാശ്ചാത്യ രീതികള്‍ അനുകരിക്കുന്നുണ്ട്. ഇതിന്‍റെയൊക്കെ ഫലമാകാം; തീരെ ചെറിയ കുഞ്ഞുങ്ങള്‍ പോലും മുതിര്‍ന്നവരേക്കാള്‍ 'സാമര്‍ത്ഥ്യം' കാട്ടുന്നു പല കാര്യങ്ങളിലും.

സമൂഹത്തില്‍ സംഭവിച്ച മാറ്റമാണ് കുട്ടികള്‍ സ്വന്തമാക്കുന്നത്. സമൂഹം എങ്ങനെയാണോ അത് തന്നെ കുട്ടികളും ശീലമാക്കുന്നു. അവര്‍ക്കിടയില്‍ മദ്യം-മയക്കുമരുന്നിന്റെ ഉപയോഗം വര്‍ദ്ധിച്ചതിന് തീര്‍ച്ചയായും മുതിര്‍ന്നവര്‍ തന്നെയാണ് ഉത്തരവാദികള്‍. സുഖ ജീവിതം സ്വപ്നം കാണുന്ന കുട്ടികള്‍ അതിനായി സ്വീകരിക്കുന്ന മാര്‍ഗ്ഗം മോഷണ 'കല'യാണ്. മക്കളിലെ നന്മയെ മാത്രമല്ല, തിന്മയെപ്പോലും പ്രോത്സാഹിപ്പിക്കുന്ന പാരെന്റ്സാണ് നമുക്കിടയിലെ മറ്റൊരു ശാപം! അവര്‍ കുറ്റവാളികളെ സൃഷ്ട്ടിക്കുന്ന ഫാക്ടറികള്‍ ആയി മാറിയോ..?
ഒരു സത്യവും ഞെട്ടിക്കാത്ത നമ്മെ നോക്കി പരിഹസിക്കുന്ന മറ്റൊരു വാര്‍ത്ത നോക്കുക.

92 കുട്ടിക്കള്ളന്‍മാര്‍!
കോഴിക്കോട്‌ ജില്ലയില്‍ മാത്രം ഈ വര്‍ഷം പിടികൂടിയ വിദ്യാര്‍ഥികളായ മോഷ്‌ടാക്കളുടെ ഞെട്ടിക്കുന്ന കണക്കാണിത്‌. കുട്ടികള്‍ക്കിടയിലെ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിന്റെ സാക്ഷ്യപത്രം. കുട്ടികള്‍ക്കിടയിലെ കുറ്റവാസന ഏറ്റവും കൂടുതലുള്ളതു കോഴിക്കോട്ടെന്നര്‍ഥം. കുട്ടികള്‍ ഏറ്റവുമധികം മോഷ്‌ടിക്കുന്നത്‌ ബൈക്കുകളാണെന്നതാണ്‌ മറ്റൊരു കൗതുകം. മൊബൈല്‍, കമ്പ്യൂട്ടര്‍ എന്നിവയിലും ഇവര്‍ക്കു താല്‍പര്യമുണ്ട്‌.

സംസ്‌ഥാനത്ത്‌ കോഴിക്കോട്‌ കഴിഞ്ഞാല്‍ കുട്ടികള്‍ കള്ളന്മാരായുള്ള കേസുകള്‍ കൂടുതലുള്ളത്‌ എറണാകുളത്തും മലപ്പുറത്തുമാണ്‌. മോഷ്‌ടിക്കുന്ന ബൈക്കുകള്‍ 2000 രൂപമുതല്‍ 5000 രൂപയ്‌ക്കാണ്‌ വില്‍ക്കുന്നത്‌. ഇവ വാങ്ങുന്നതിനായി പ്രത്യേക റാക്കറ്റ്‌ തന്നെ നഗരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്‌ പോലിസ്‌ ഭാഷ്യം. ഉപയോഗ ശേഷം മോഷ്‌ടിച്ച വസ്‌തുക്കള്‍ ഉപേക്ഷിക്കുന്ന കള്ളന്മാരുമുണ്ട്‌. മോഷണത്തിന്റെ വ്യാപ്‌തിയോ, ദോഷമോ ഒന്നും നോക്കാതെ താല്‍ക്കാലിക സുഖത്തിനു വേണ്ടി മാത്രമാണ്‌ ഇവര്‍ മോഷ്‌ടാക്കളാകുന്നത്‌. പിടിയിലായവര്‍ക്കു പലര്‍ക്കും ചെയ്‌ത കുറ്റത്തെ ഓര്‍ത്തുള്ള പശ്‌ചാത്താപമൊന്നും ഉണ്ടാവാറില്ലെന്ന്‌ പോലീസ്‌ പറയുന്നു.

സമൂഹത്തിലെ തന്നേക്കാള്‍ പ്രായം കൂടിയവര്‍ക്കൊപ്പം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുതുടങ്ങി അവര്‍. ഹൈസ്‌കൂള്‍ തലം മുതല്‍ പ്ലസ്‌ടു വരെയുള്ള കുട്ടികളാണ്‌ ഇത്തരം ശ്രേണിയിലുള്ളത്‌. കേരളത്തില്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പു വരെ അന്യ സംസ്‌ഥാനക്കാരായ കുട്ടികളായിരുന്നു കുറ്റകൃത്യങ്ങളില്‍ മുന്നിലുള്ളതെങ്കില്‍ ഇന്നു മലയാളി കുട്ടിക്കള്ളന്‍മാര്‍ ആ സ്‌ഥാനം ഏറ്റെടുത്തു. 'കള്‍ച്ചറല്‍ ഷോക്ക്‌' എന്ന ഓമനപ്പേരില്‍ മനശാസ്‌ത്രജ്‌ഞര്‍ വിളിക്കുന്ന കുട്ടികളിലെ ഇത്തരം പ്രവണത ഭാവിയില്‍ വലിയ ദോഷങ്ങളാണുണ്ടാക്കുക. കുടുംബാന്തരീക്ഷത്തിലെ അസ്വാരസ്യങ്ങള്‍ മനസിലേല്‍പ്പിക്കുന്ന ആഘാതമാണ്‌ കുട്ടി കുറ്റകൃത്യങ്ങള്‍ക്ക്‌ ഹേതുവെന്ന്‌ പ്രശസ്‌ത മനശാസ്‌ത്രജ്‌ഞനായ ഡോ. പി.എന്‍. സുരേഷ്‌ കുമാര്‍ പറയുന്നു. കുട്ടികള്‍ക്കിടയിലെ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയാന്‍ സ്‌കൂളുകളില്‍ ബോധവത്‌ക്കരണ കാമ്പയില്‍ നടത്തുമെന്ന്‌ സിറ്റി പോലീസ്‌ കമ്മീഷണര്‍ പി. വിജയന്‍ പറഞ്ഞു.

Thursday, July 22, 2010

പൊലിസ് വെറും പുല്ലല്ല..!


നമ്മുടെ പോലീസിന്‍റെ ചരിത്രം പരിശോധിച്ചാല്‍ ചില കാര്യങ്ങളില്‍ അവര്‍ കാണിക്കുന്ന 'ആത്മാര്‍ഥത' ആരെയും അമ്പരപ്പിക്കും. നമ്മില്‍ പലരും ഒരിക്കലെങ്കിലും അവരുടെ സ്നേഹത്തില്‍ പൊതിഞ്ഞ പെരുമാറ്റം അനുഭവിച്ചിട്ടുണ്ടാകും. ചുമ്മാ ഒന്ന് വിറപ്പിച്ചില്ലെങ്കില്‍ പിന്നെന്തു പോലീസ്! സ്ത്രീകള്‍ സിനിമയിലെ വില്ലന്മാരെ കാണുംപോലെയാണ് സാധാരണകാരന്‍ പോലീസിനെ കാണുന്നത്. മനുഷ്യത്വം മരവിച്ച ഈ വര്‍ഗ്ഗത്തെ മാറ്റിയെടുക്കാന്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്കും കഴിയുന്നില്ല!


എന്തൊക്കെ ക്രൂരതകളാണ് കേരള പോലീസിന്‍റെ കണക്ക് പുസ്തകത്തിലുള്ളത്. കട്ടവനെ കിട്ടിയില്ലെങ്കില്‍ കണ്ടവനെ പിടിക്കുക. പ്രതിയെ ഉരുട്ടിക്കൊല്ലുക. അവന്‍റെമേല്‍ മൂന്നാംമുറ പ്രയോഗിക്കുക. ഓടിച്ചിട്ടു കിണറ്റിലോ ആറ്റിലോ വീഴ്ത്തുക. പ്രതിയെ പിടിക്കാന്‍ എന്ന പേരില്‍ വീടുകളില്‍ കയറി സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും ദ്രോഹിക്കുക...! ഒരു നൂറു രൂപയ്ക്ക് വേണ്ടി വഴിയില്‍ തടഞ്ഞു നിര്‍ത്തി കണ്ണുരുട്ടുന്നവനാണ് നമ്മുടെ സേവനത്തിനായി നിയോഗിക്കപ്പെട്ട ഏമാന്‍മാര്‍. എത്ര പറഞ്ഞാലും എഴുതിയാലും തീരില്ല അവരുടെ സേവന മാഹാത്മ്യങ്ങള്‍. കേരള പോലീസിന്‍റെ ആത്മാര്‍ഥതയ്ക്ക് ഒരു മികച്ച ഉദാഹരണം താഴെയുള്ള വാര്‍ത്തയില്‍ കാണാം.


പെറ്റിക്കേസ്‌ എണ്ണം തികയ്‌ക്കാനായി കുടുംബത്തെ വഴിയിലാക്കി രാത്രി ഗൃഹനാഥനെ പോലീസ്‌ പിടിച്ചുകൊണ്ടുപോയ സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ എസ്‌.പി: പി.ജി. അശോക്കുമാര്‍ നിര്‍ദേശം നല്‍കി. വാഹനമോടിച്ചെന്നാരോപിച്ചാണു ജോര്‍ജിനെതിരേ പോലീസ്‌ കേസെടുത്തത്‌. ജോര്‍ജിനെ പിടിച്ചുകൊണ്ടുപോയ ശേഷം വഴിയരികില്‍ നിന്ന ഭാര്യയേയും മക്കളേയും ബന്ധുക്കളെത്തിയാണു പോലീസ്‌ സ്‌റ്റേഷനില്‍ എത്തിച്ചത്‌. ജോര്‍ജിനെ മെഡിക്കല്‍ പരിശോധനയ്‌ക്കു കോണ്ടുപോയപ്പോള്‍ മണിക്കൂറുകളോളം ഭാര്യക്കും മക്കള്‍ക്കും പാതിരാത്രി വൈദ്യുതി വെളിച്ചംപോലുമില്ലാത്ത സ്‌റ്റേഷനില്‍ കാത്തിരിക്കേണ്ടിവന്നു.
ജോര്‍ജ്‌ മദ്യപിച്ചെന്നു സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയ പാമ്പാടി താലൂക്ക്‌ ആശുപത്രിയിലെ ഡോ. രാജു, താന്‍ പോലീസിന്റെ നിര്‍ബന്ധത്തിനു വഴങ്ങി മദ്യപിച്ചെന്നു സര്‍ട്ടിഫിക്കറ്റ്‌ നല്‍കുകയായിരുന്നെന്നു വെളിപ്പെടുത്തി. ഒരുദിവസം സാധാരണ അഞ്ചുപേരെയെങ്കിലും പെറ്റിക്കേസെടുക്കാന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ട്‌ ആശുപത്രിയില്‍ കൊണ്ടുവരും. റിപ്പോര്‍ട്ട്‌ പോലീസ്‌ എഴുതിക്കൊണ്ടുവരുകയാണു പതിവ്‌. അതില്‍ ഒപ്പിടുക മാത്രമാണു ചെയ്യാറുള്ളത്‌. ജോര്‍ജ്‌ മദ്യപിച്ചിട്ടുണ്ടെന്നു റിപ്പോര്‍ട്ട്‌ നല്‍കിയാല്‍ മതിയെന്നു പോലീസ്‌ പറഞ്ഞതനുസരിച്ചാണു ചെയ്‌തത്‌.
റിപ്പോര്‍ട്ട്‌ നല്‍കിക്കഴിഞ്ഞപ്പോഴാണു ജോര്‍ജ്‌ രക്‌തപരിശോധന നടത്തണമെന്ന്‌ ആവശ്യപ്പെട്ടത്‌. അതു ചെവിക്കൊള്ളാതെ പോലീസ്‌ റിപ്പോര്‍ട്ടുമായി പോകുകയായിരുന്നെന്നും ഡോക്‌ടര്‍ പറഞ്ഞു. ബന്ധുവിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തശേഷം മടങ്ങുന്നതിനിടെ തിങ്കളാഴ്‌ച രാത്രിയാണു ജോര്‍ജിനും കുടുംബത്തിനും പള്ളിക്കത്തോട്‌ പോലീസില്‍നിന്നു ദുരനുഭവമുണ്ടായത്‌. ജോര്‍ജ്‌ മദ്യപിച്ചിരുന്നെന്നു വരുത്തിത്തീര്‍ക്കാന്‍ സാക്ഷികളെ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ പോലീസ്‌.

Tuesday, July 13, 2010

ധൈര്യമുണ്ടോ, NDFനെ നിരോധിക്കാന്‍..?


നേതൃത്വം സുതാര്യമെന്ന്‌ അവകാശപ്പെടുമ്പോഴും ദുരൂഹത നിറഞ്ഞ വഴികളിലൂടെയായിരുന്നു എന്‍.ഡി.എഫും പിന്നീട്‌ രൂപം മാറിയ പോപ്പുലര്‍ ഫ്രണ്ടും സഞ്ചരിച്ചുകൊണ്ടിരുന്നതെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. പ്രതിരോധമാണ്‌ തങ്ങളുടെ ലക്ഷ്യമെന്നും അപ്പോള്‍ കൈയില്‍ കിട്ടുന്നതെന്തും ആയുധമായിരിക്കുമെന്നുമുളള നേതാക്കളുടെ വാക്കുകളും പൊതുസമൂഹത്തില്‍ ആശങ്കയുളവാക്കി.

ഇസ്ലാം അനുശാസിക്കുന്ന ജീവിതരീതിയില്‍നിന്നു വ്യതിചലിച്ചുകൊണ്ടു ജീവിക്കുന്നവര്‍ക്കെതിരേ ശക്‌തമായ നിലപാടുകള്‍ എടുത്തു രംഗത്തു വന്നപ്പോഴാണ്‌ പലരും ഈ സംഘടനയെ ശ്രദ്ധിക്കുന്നത്‌. മലപ്പുറത്തും മഞ്ചേരിയിലും മറ്റും ഇത്തരം ഒറ്റപ്പെട്ട ആക്രമണങ്ങള്‍ ചിലര്‍ക്കു നേരേ ഉണ്ടായി. എന്നാല്‍ കോഴിക്കോട്‌ ജില്ലയിലെ നാദാപുരത്ത്‌ ഒരു മുസ്ലീം വനിത ബലാല്‍സംഗം ചെയ്യപ്പെട്ടുവെന്ന കിംവദന്തിയും തുടര്‍ന്നു സി.പി.എം. പ്രവര്‍ത്തകന്‍ വിനു കൊല്ലപ്പെകുകയും ചെയ്‌തതോടെയാണ്‌ എന്‍.ഡി.എഫ്‌. എന്ന സംഘടനയുടെ ഇടപെടല്‍ കേരള സമൂഹത്തിനു പ്രത്യക്ഷത്തില്‍ ബോധ്യപ്പെട്ടത്‌.
മുസ്ലീം ലീഗിന്റെ കോട്ട തകര്‍ക്കാന്‍ ഏതടവും പയറ്റാനിറങ്ങിയ സി.പി.എമ്മിന്‌ നല്ല ഒരു ഏണിപ്പടിയായി എന്‍.ഡി.എഫ്‌. സി.പി.എം. തങ്ങളുടെ നേട്ടത്തിനായി ഇങ്ങോടു ചാരിയ ഏണിയിലൂടെ കയറി അതിലും വലിയ നേട്ടമുണ്ടാക്കാന്‍ എന്‍.ഡി.എഫിനായി. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കടുത്ത്‌ പുന്നാട്‌ ഒരു എന്‍.ഡി.എഫ്‌. പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍ ആ വീട്‌ സന്ദര്‍ശിക്കാന്‍ സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ തയാറായതു പിന്നെ വര്‍ഷങ്ങളോളം നീണ്ടുനിന്ന സി.പി.എം-എന്‍.ഡി.എഫ്‌. ബന്ധത്തെ ഊട്ടിയുറപ്പിച്ചു. എന്‍.ഡി.എഫിനെ തോളിലേറ്റി തങ്ങളെ കായികമായി നേരിടുന്ന ആര്‍.എസ്‌.എസിനേയും ആശയപരമായി നേരിടുന്ന ലീഗിനേയും ഒതുക്കാമെന്നായിരുന്നു സി.പി.എം. കരുതിയിരുന്നത്‌.

എന്നാല്‍ എന്‍.ഡി.എഫിന്റെ വര്‍ഗീയമുഖത്തിനു പിന്നിലെ വിപത്തു തിരിച്ചറിഞ്ഞ സി.പി.എമ്മിനു വൈകിയെങ്കിലും നിലപാടു തിരുത്തേണ്ടി വന്നു. തുടര്‍ന്നു കണ്ണൂര്‍ ഉള്‍പ്പെടെയുളള ജില്ലകളില്‍ എന്‍.ഡി.എഫ്‌. സി.പി.എമ്മിന്റെ ബദ്ധശത്രുവായി. എന്‍.ഡി.എഫ്‌.-സി.പി.എം.സംഘര്‍ഷത്തില്‍ 16 സി.പി.എം. പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നാണു സി.പി.എം. നേതൃത്വം പറയുന്നത്‌. തലശേരിയിലെ ഫസല്‍ ഉള്‍പ്പെടെയുളള എന്‍.ഡി.എഫ്‌. പ്രവര്‍ത്തകരും മറുപക്ഷത്തും കൊല്ലപ്പെട്ടവരുടെ നിരയിലുണ്ട്‌. മുസ്ലിം ലീഗിലെ ചില നേതാക്കള്‍ എന്‍.ഡി.എഫിനെ സഹായിക്കുന്നുവെന്ന ആ ആരോപണം ലീഗിനുളളില്‍തന്നെയും ഉയര്‍ന്നുവന്നു. എന്‍.ഡി.എഫിന്റെ സഹായം ഒളിഞ്ഞും തെളിഞ്ഞും യു.ഡി.എഫിനും പലപ്പോഴും കിട്ടിയിരുന്നുവെന്നതും വസ്‌തുതയാണ്‌.

കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളിലെ സ്‌കൂളുകളിലും കോളജുകളിലും മറ്റും മുസ്ലിം പെണ്‍കുട്ടികളുടെ കൂടെ കൂള്‍ബാറിലും സിനിമാ തിയേറ്റുകളിലും കയറിയ അന്യമതസ്‌ഥരായ യുവാക്കള്‍ ആക്രമിക്കപ്പെട്ടപ്പോഴും പ്രതിസ്‌ഥാനത്ത്‌ എന്‍.ഡി.എഫിനെ നിര്‍ത്തി. ഒരു മുസ്ലിം സ്‌ത്രീക്കൊപ്പം കഴിഞ്ഞിരുന്ന തയ്യിലിലെ വിനോദ്‌ കൊല്ലപ്പെട്ട സംഭവത്തിലും ആരോപണം നീണ്ടിരിക്കുന്നത്‌ എന്‍.ഡി.എഫിലേക്കു തന്നെയാണ്‌. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പൈപ്പ്‌ ബോംബുകളും ബോംബു ശേഖരങ്ങളും കണ്ടെടുത്തപ്പോഴും അന്വേഷണം നീണ്ടത്‌ എന്‍.ഡി.എഫിലേക്കായിരുന്നു.

ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥി സംഘടനയായ സിമിയുടെ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ്‌ 93ല്‍ എന്‍.ഡി.എഫിന്‌ ഒരു സംഘടനാ രൂപം നല്‍കികൊണ്ടു രംഗത്തു വരുന്നത്‌. ജമാ അത്തെയുടെ നിലപാടുകള്‍ക്കു തീവ്രതപോരെന്ന അഭിപ്രായം സംഘടനയിലെ ഒരു വിഭാഗം ഉയര്‍ത്തിയതും 30 വയസുകഴിഞ്ഞാല്‍ സിമിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്തതിനാലുമാണ്‌ എന്‍.ഡി.എഫിന്റെ പിറവിക്കു വേഗം കൂട്ടിയത്‌. പിറവിയെടുത്ത്‌ ഒരു വര്‍ഷത്തിനുളളില്‍ തന്നെ സംഘടന മറ്റു പ്രസ്‌ഥാനങ്ങള്‍ക്കു അമ്പരപ്പുളവാക്കുന്ന വളര്‍ച്ചയാണു കാഴ്‌ചവച്ചത്‌. ആയിരക്കണക്കണക്കിനു മുസ്ലീം ചെറുപ്പക്കാര്‍ സംഘടനയുടെ സജീവാംഗങ്ങളായി. കഠിന പരിശീലനങ്ങളായിരുന്നു ഇവര്‍ക്ക്‌ കിട്ടിയിരുന്നത്‌. ആരോഗ്യമുളള ശരീരത്തിലൂടെയേ ആരോഗ്യമുളള മനസും അതുവഴി കരുത്തുറ്റ ഒരു ജനതയെയും വളര്‍ത്താനാവൂവെന്നാണു നേതൃത്വം അവകാശപ്പെടുന്നതെങ്കിലും എന്‍.ഡി.എഫിന്റെ കരുത്തിനേയും ആശങ്കയോടെയാണു സമൂഹം കണ്ടത്‌.

കോട്ടക്കല്‍ പോലീസ്‌ സ്‌റ്റേഷന്‍ അക്രമം ഉണ്ടായപ്പോള്‍ അധികൃതരും ആ കരുത്തു തിരിച്ചറിഞ്ഞു.ആരോപണങ്ങളും പുകമറയും കൂടിവന്നപ്പോള്‍ സംഘടന മുഖം മിനുക്കി, തമിഴ്‌നാട്ടിലേയും കര്‍ണാടകയിലേയും ചില സംഘടനകളുമായി കൂടിച്ചേര്‍ന്നു എന്‍.ഡി.എഫ്‌. പോപ്പുലര്‍ ഫ്രണ്ടായി. ചുരുങ്ങിയ കാലം കൊണ്ടു പോപ്പുലര്‍ ഫ്രണ്ട്‌ സോഷ്യലിസ്‌റ്റ് ഡെമോക്രാറ്റിക്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യയായും രൂപം പ്രാപിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുമിറങ്ങി. സംഘടനയുടെ രൂപം മാറിമറിഞ്ഞുകൊണ്ടിരിക്കുമ്പോഴും നേതൃത്വങ്ങളില്‍ ഇളക്കി പ്രതിഷ്‌ഠമാത്രമായിരുന്നു നടന്നിരുന്നത്‌. ആരോപണങ്ങള്‍ പലതും എന്‍.ഡി.എഫിനും പോപ്പുലര്‍ ഫ്രണ്ടിനും നേരേ നീണ്ടുവെങ്കിലും ഇതൊന്നും കോടതിയില്‍ തെളിയിക്കാന്‍ പോലീസിനായില്ലെന്നതാണ്‌ ഏറ്റവും വലിയ തുറുപ്പു ചീട്ട്‌.

ഒരു ദശാബ്‌ദമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന തങ്ങള്‍ക്കു മേല്‍ ഇതുവരെ രാജ്യദ്രോഹപരമായ ഒരു കേസുപോലും രജിസ്‌റ്റര്‍ ചെയ്‌തിട്ടില്ലെന്നും ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ലെന്നും അവകാശപ്പെട്ടിരുന്ന സംഘടനാ നേതൃത്വത്തിന്റെ വാദത്തിനാണു മൂവാറ്റുപുഴ സംഭവം തിരിച്ചടിയാകുന്നത്‌. മൂവാറ്റുപുഴയിലെ അധ്യാപകന്‍ പ്രഫ.ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംവത്തെത്തുടര്‍ന്നുളള അന്വേഷണത്തില്‍ പോപ്പുലര്‍ ഫ്രണ്ട്‌ നേതാവ്‌ ആലുവ സ്വദേശി കുഞ്ഞുമോനെതിരേ പോലീസ്‌ തീവ്രവാദ വിരുദ്ധ നിയമപ്രകാരമാണു കേസെടുത്തിരിക്കുന്നത്‌. ഇയാളുടെ വസതിയില്‍നിന്നും വാഹനത്തില്‍നിന്നും പ്രകോപനപരമായ സി ഡികളും ലഘുലേഖകളും പിടിച്ചെടുത്തതിനാണു കേസ്‌. ഈ സാഹചര്യത്തിലാണു പോപ്പുലര്‍ ഫ്രണ്ടിനെതിരേയുളള തെളിവുശേഖരണവുമായി പോലീസും അധികൃതരും വീണ്ടും എത്തിയിരിക്കുന്നത്‌.

ഏത്‌ അന്വേഷണത്തെയും സ്വാഗതം ചെയ്യുമെന്നു പോപ്പുലര്‍ ഫ്രണ്ട്‌ നേതൃത്വവും വ്യക്‌തമാക്കിയിട്ടുണ്ട്‌. ആര്‍ക്കു മുമ്പിലും അടച്ചിടുന്നില്ല കോഴിക്കോട്ടെ രാജാജി റോഡിലെ സംസ്‌ഥാന കമ്മിറ്റി ഓഫീസ്‌ എന്നു നേതൃത്വം വ്യക്‌തമാക്കുന്നു. തങ്ങള്‍ മുന്നോട്ടുവച്ചിരിക്കുന്ന ആശയത്തിനു പ്രചാരമേറുമ്പോള്‍ ഉണ്ടാകുന്ന ജനപിന്തുണയില്‍ വിളറിപിടിച്ചവരാണ്‌ ആരോപണങ്ങള്‍ക്കും ഗൂഢനീക്കങ്ങള്‍ക്കും പിന്നിലെന്നാണു പോപ്പുലര്‍ ഫ്രണ്ട്‌ നേതാക്കള്‍ പറയുന്നത്‌.

നിങ്ങളുടെ ഓഫീസ് കെട്ടിടം തുറന്നു വെച്ചത് കൊണ്ട് തീരുന്നതല്ല കേരളത്തിലെ പ്രശ്നങ്ങള്‍. അത് അടച്ചതുകൊണ്ടും തീരുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം നമ്മുടെ നാട് കത്തിക്കാന്‍ മാത്രമുള്ള ദുഷ്ട്ട മനസ്സുകളെ നിങ്ങളും നിങ്ങലെപോലുള്ള ഭീകര സംഘടനകളും വാര്‍ത്തെടുത്തിട്ടുണ്ട്. ഇസ്ലാം എന്നല്ല ഒരു പ്രത്യയശാസ്ത്രവും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. പക്ഷെ നമ്മുടെ ചില രാഷ്ട്രീയ-വര്‍ഗ്ഗീയ ശക്തികള്‍ക്ക് ഇത്തരം ദുഷ്ട്ടന്മാരെ വേണം. കൊല്ലാനും കൊല്ലിക്കാനും നല്ല മനസ്സുകള്‍ തയ്യാറാവില്ലല്ലോ!

Friday, July 9, 2010

കേരളത്തില്‍ തീ പടരുമ്പോള്‍..!

സ്നേഹവും സാഹോദര്യവും നിലനിന്നിരുന്നു അല്പം മുന്‍പ് വരെ. ഇന്നതെല്ലാം നമ്മെ വിട്ടു പോവുകയാണോ? ചില വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍/കാണുമ്പോള്‍ ജീവിക്കുന്നത് കേരളത്തില്‍ തന്നെയാണോ എന്ന് ചിന്തിച്ചു പോകുന്നു. ആഭ്യന്തര കലാപം വാഴുന്ന രാജ്യങ്ങളില്‍ നിന്നായിരുന്നു ഇത്തരം ഭയപ്പെടുത്തുന്ന വാര്‍ത്തകള്‍ നാം കേട്ടതെങ്കില്‍ ഇപ്പോള്‍ നമ്മുടെ സ്വന്തം നാട്ടില്‍ നിന്നും തീവ്ര/ഭീകര വാര്‍ത്തകള്‍ നമ്മെ അലോസരപ്പെടുത്തുന്നു!
ഇത്തരം ആസൂത്രിത കലാപങ്ങള്‍ സംഘടിപ്പിക്കുന്നവരെ കണ്ടെത്തി തൂക്കിലേറ്റാനുള്ള സംവിധാനം ഉണ്ടാകണം. മുഖം നോക്കാതെ നിയമപാലനം നടത്തണം. നമ്മുടെ നാടിനെ നശിപ്പിക്കാന്‍ ആരെയും അനുവദിക്കരുത്. നഷ്ട്ടപ്പെട്ട സ്നേഹവും സാഹോദര്യവും തിരിച്ചു പിടിക്കാന്‍ നമുക്ക് കഴിയട്ടെ.

(ഒരു വാര്‍ത്ത ശ്രദ്ധിക്കുക)

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട്‌ നേതാവും സ്വര്‍ണ്ണ വ്യാപാരിയുമായി ആയുബിന്റെ വീട്ടില്‍ നിന്നും ഇന്നലെ പിടിച്ചെടുത്ത തോക്ക്‌ വാഗമണ്‍ സിമി പരിശീലന ക്യാംപില്‍ ഉപയോഗിച്ചതാണെന്ന്‌ സംശയം. എയര്‍ഗണ്‍ ആണ്‌ പിടിച്ചെടുത്തതെന്നാണ്‌ ഇന്നലെ പോലീസ്‌ പറഞ്ഞത്‌. എന്നാല്‍ വിശദ പരിശോധനയില്‍ റൈഫിളാണ്‌ പിടിച്ചെടുത്തതെന്ന്‌ വ്യക്‌തമായി.

ഇത്‌ സിമി ക്യാംപില്‍ ഉപയോഗിച്ചതാണെന്നും പോലീസിന്‌ സംശയം ബലപ്പെട്ടു. ഇതേ തുടര്‍ന്ന്‌ തോക്ക്‌ ഒത്തുനോക്കാനും പോലീസ്‌ തീരുമാനിച്ചു. തോക്ക് വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും. തോക്ക് കണ്ടെത്തിയതിനേ തുടര്‍ന്ന്‌ ആയൂബിനെതിരെ ആയുധ നിരോധന നിയമപ്രകാരം കേസെടുത്തു. ആയൂബി​െ​ന്റ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിന്ന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റും നിരവധി സിം കാര്‍ഡും പിടിച്ചെടുത്തു. ആയൂബിന് പ്രീഡിഗ്രി വരെ മാത്രമാണ് വിദ്യാഭ്യാസം.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് സംഘടിപ്പിച്ചതാണ് സിംകാര്‍ഡുകള്‍. മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതികളുമായി ആയുബും മന്‍സൂറും കുഞ്ഞുമോനും ബന്ധപ്പെട്ടിരുന്നുവെന്നും പ്രതികള്‍ക്ക്‌ ആവശ്യമായ സഹായം ഇവര്‍ നല്‍കിയിരുന്നുവെന്നും പോലീസിന്‌ വിവരം ലഭിച്ചതിന്റെ പശ്‌ചാത്തലത്തിലാണ്‌ ഇവരുടെ വീടുകളില്‍ പോലീസ്‌ റെയ്‌ഡ് നടത്തിയത്‌.
ഇവര്‍ മൂന്നു പേരും ഇപ്പോള്‍ ഒളിവിലാണ്.

Saturday, June 26, 2010

നമുക്ക് മരിച്ചു മരിച്ചു ജീവിക്കാം...!



ആവശ്യത്തിനും അനാവശ്യത്തിനും മരുന്ന് തിന്നുന്നവരാണ് മലയാളികള്‍. ഡോക്ടര്‍ മരുന്നിനു എഴുതിയില്ലെങ്കില്‍ അദ്ദേഹത്തെ ചീത്ത വിളിക്കാന്‍ പോലും മടിക്കാത്തവര്‍. വര്‍ഷംപ്രതി എത്ര മരുന്നുകളാണ് നാം അകത്താക്കുന്നത്! ഇന്ത്യയിലെ മരുന്ന് കമ്പനികളില്‍ പലതും അടച്ചു പൂട്ടിയതാണെന്നു നമ്മള്‍ അറിയുന്നില്ല. നിരോധിത മരുന്നുകളില്‍ ചിലതൊക്കെ ഇപ്പോഴും ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കാര്യവും നാം മറക്കുന്നു. എത്ര നിസ്സാരമായ അസുഖത്തിന് പോലും മരുന്നും ടെസ്റ്റും കുറിക്കുന്ന ഡോക്ടര്‍മാരുടെ സ്വന്തം നാടാണ് കേരളം. അവര്‍ക്കാവശ്യമുള്ളത് മരുന്ന് കമ്പനിക്കാര്‍ നല്‍കും!

സര്‍ക്കാര്‍ കാര്യങ്ങളിലെ അനാസ്ഥ സൃഷ്ട്ടിക്കുന്ന ദുരന്തങ്ങള്‍ ജനങ്ങളെ പിടികൂടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അതിലൊന്ന് കാലഹരണപ്പെട്ട മരുന്നുകള്‍ വിതരണം ചെയ്ത് കാലാകാലം രോഗിയാക്കുന്ന /പച്ചക്ക് കൊല്ലുന്ന രീതിയാണ്. കോഴിക്കോട് നിന്നുള്ള ഒരു വാര്‍ത്ത നമ്മുടെ കണ്ണ് തുറക്കുമോ?

കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ ജനിച്ച പിഞ്ചുകുഞ്ഞുങ്ങള്‍ക്ക്‌ കുത്തിവച്ച ടി.ബി. നിര്‍ണയിക്കുന്നതിനുള്ള മരുന്നായ 'മാന്‍ഡക്‌സ' കാലാവധി കഴിഞ്ഞതാണെന്നാണ്‌ ആരോപണമുയര്‍ന്നിരിക്കുന്നത്‌. നാലു മാസത്തിനിടെ മൂവായിരത്തോളം കുഞ്ഞുങ്ങള്‍ക്ക്‌ ഈ മരുന്ന്‌ കുത്തിവച്ചിട്ടുണ്ട്‌. 2010 ജനുവരിയില്‍ ഉപയോഗശൂന്യമായ ഇവ നാലു മാസത്തോളം വിതരണം ചെയ്‌തുവെന്നാണു വ്യക്‌തമാകുന്നത്‌. വിവരം പുറത്തായതോടെ ബാക്കിവന്ന മരുന്നുകള്‍ അധികൃതര്‍ കൂട്ടത്തോടെ നശിപ്പിക്കുകയായിരുന്നു.

മാന്‍ഡക്‌സ് കാലാവധിക്കു ശേഷം ഉപയോഗിച്ചാല്‍ കുട്ടികളില്‍ ടിബിയുണ്ടാവുകയും മരണം വരെ സംഭവിക്കുകയും ചെയ്‌തേക്കാം. തുടര്‍ച്ചയായി ഉണ്ടാകുന്ന പനിയോടെയായിരിക്കും തുടക്കം. കുട്ടികളുടെ ശരീരം ശോഷിച്ചുവരുന്നതും ഈ മരുന്നിന്റെ അനാവശ്യ ഉപയോഗം മൂലമാണ്‌. മാന്‍ഡക്‌സ് തൊലിയിലേക്കു കുത്തിവയ്‌ക്കുതിനാല്‍ ത്വക്‌ സംബന്ധമായ രോഗങ്ങള്‍ക്കും സാധ്യതയുണ്ട്‌. 2009 ആദ്യവാരം സംഭരിച്ച ഈ മരുന്നുകള്‍ കാലാവധി കഴിഞ്ഞിട്ടും ഉപയോഗിച്ചത്‌ ജീവനക്കാരുടെ ഒത്താശയോടെയാണെന്നും ആരോപണമുണ്ട്‌.

കാലാവധി കഴിഞ്ഞ മരുന്നാണു കുത്തിവച്ചതെന്ന വിവരം പുറത്തറിഞ്ഞതോടെ കുട്ടികളുടെ രക്ഷിതാക്കള്‍ ആശങ്കയിലാണ്‌. ഗര്‍ഭനിര്‍ണയത്തിനുള്ള കാര്‍ഡുകളും കാലാവധി കഴിഞ്ഞതാണു വിതരണം ചെയ്‌തുകൊണ്ടിരുതെന്നും ആരോപണമുണ്ട്‌. ഇത്തരം കാര്‍ഡുകളിലൂടെയുള്ള പരിശോധനാഫലം വിപരീതമാവാന്‍ സാധ്യതയുണ്ട്‌. ബാക്കിവന്ന ഈ മരുന്നുകളും അധികൃതര്‍ നശിപ്പിക്കുകയായിരുന്നു.

Thursday, June 17, 2010

അമ്മേ മാപ്പ്; അമ്മയെ ഞാന്‍ കൊല്ലട്ടെ....



ഒമ്പത് മാസം ചുമന്നുനടന്നു ഒടുവില്‍ മരണവേദന സഹിച്ചു പ്രസവിച്ചു, പിന്നെയും ഒരു പോറല്‍ പോലും ഏല്‍ക്കാതെ സുരക്ഷിതമായി സംരക്ഷിച്ചു വളര്‍ത്തി വലുതാക്കുന്ന സ്വന്തം അമ്മയ്ക്ക് നല്‍കാന്‍ എന്തുണ്ട് നമ്മുടെ കയ്യില്‍? അവരെ സ്നേഹിക്കാനോ സംരക്ഷിക്കാനോ അവര്‍ക്ക് കൃത്യമായി ചിലവിനു കൊടുക്കാനോ നമുക്ക് കഴിയുന്നില്ല. സാരമില്ല. പക്ഷെ അവരെ പച്ചക്ക് കൊല്ലാതിരുന്നുകൂടെ? നാം ശരിക്കും മൃഗങ്ങളായോ? അതോ മൃഗങ്ങള്‍ ചെയ്യാത്തതും നാം ചെയ്യാന്‍ തുടങ്ങിയോ?
(ഇതാ കരള്‍ പിളര്‍ക്കുന്ന ഒരു വാര്‍ത്ത‍...!)

കൊടുങ്ങല്ലൂര്‍ മേത്തല ആനാപ്പുഴയില്‍ പണിക്കശേരി കുമാരന്റെ ഭാര്യ ചന്ദ്രമതി (85) യെയാണ്‌ മകന്‍ തമ്പി എന്ന്‌ വിളിക്കുന്ന സതീഷ്‌കുമാര്‍ (55) കഴുത്തുഞെരിച്ച്‌ കൊന്നത്‌. ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയോടെയായിരുന്നു സംഭവം.
മദ്യപിച്ച്‌ സ്‌ഥിരമായി വീട്ടില്‍ എത്തുന്ന തമ്പി രോഗിയായ അമ്മയെ പണം ചോദിച്ച്‌ മര്‍ദിക്കുക പതിവായിരുന്നു. പലപ്പോഴും മര്‍ദ്ദനത്തില്‍ പരുക്കേറ്റ ചന്ദ്രമതിയെ ഇയാള്‍തന്നെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കായി കൊണ്ടുപോവാറുണ്ട്‌. ആശുപത്രിയില്‍ ചന്ദ്രമതിയെ പ്രവേശിപ്പിക്കുമ്പോള്‍ പല കാരണങ്ങളാണ്‌ അധികൃതരോട്‌ ഇയാള്‍ പറഞ്ഞിരുന്നത്‌. ചൊവ്വാഴ്‌ച രാത്രി മദ്യപിച്ചെത്തിയ ഇയാള്‍ അമ്മയെ ക്രൂരമായി മര്‍ദിച്ച്‌ അവശയാക്കിയിരുന്നു.
ഇന്നലെ പുലര്‍ച്ചെക്കും മര്‍ദ്ദനം തുടര്‍ന്ന തമ്പി ഉച്ചയോടെ മദ്യപിച്ച്‌ വീട്ടിലെത്തി, കിടക്കുകയായിരുന്ന ചന്ദ്രമതിയെ കഴുത്ത്‌ ഞെരിച്ച്‌ കൊല്ലുകയായിരുന്നു. തടയാന്‍ ശ്രമിച്ച തമ്പിയുടെ ഭാര്യ മണിയെ ഇയാള്‍ മര്‍ദിച്ചു. തുടര്‍ന്ന്‌ ഭാര്യ നാട്ടുകാരെ വിവരം അറിയിക്കുകയും നാട്ടുകാര്‍ പോലീസിനെ വിളിച്ചുവരുത്തുകയുമായിരുന്നു. തുടര്‍ന്നാണ്‌ തമ്പിയെ പോലീസ്‌ അറസ്‌റ്റുചെയ്‌തത്‌.

Friday, June 11, 2010

നട്ടെല്ല് നശിച്ച ആണുങ്ങള്‍...!


നമ്മുടെ നാടിനെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു വിപത്താണ് സ്ത്രീധനം. ജോലിയോ കൂലിയോ ഇല്ലാത്തവന്‍ പോലും ചോദിക്കുന്നത് ലക്ഷങ്ങളാണ്. മുന്‍പൊക്കെ സ്ത്രീധനം കൊടുക്കാന്‍ ഇല്ലാതെ രക്ഷിതാക്കള്‍ ആത്മഹത്യ ചെയ്ത വാര്‍ത്തകളായിരുന്നുവെങ്കില്‍ ഇന്ന് ഈ ഭീകര സത്വം നിഷ്കളങ്കയായ പെണ്‍കുട്ടികളെയും കൊല്ലാന്‍ തുടങ്ങിയിരിക്കുന്നു! പണവും പണ്ടവും ചോദിച്ചു വാങ്ങുന്നവര്‍ ഓര്‍ക്കുക, നാളെ നിങ്ങളും ഒരു രക്ഷിതാവ് ആകേണ്ടവനാണ്. സമൂഹം ഒറ്റക്കെട്ടായി ഈ വിപത്തിനെ എതിര്‍ക്കണം. നമ്മുടെ നാട്ടില്‍ നിന്നും ഈ ദുരാചാരത്തെ വലിച്ചെറിയണം. അല്ലെങ്കില്‍ ഇനിയും ഇതുപോലെ നമ്മുടെ സഹോദരിമാര്‍ കൊല്ലപ്പെടും! (ഈ വാര്‍ത്ത നമ്മുടെ കണ്ണു തുറപ്പിക്കുമോ?)

മാരാരിക്കുളത്ത് വിവാഹം നിശ്‌ചയിച്ച യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കഞ്ഞിക്കുഴി പഞ്ചായത്ത്‌ മൂന്നാംവാര്‍ഡ്‌ മുട്ടത്തിപ്പറമ്പ്‌ സുഭാഷ്‌കവലയ്‌ക്കു സമീപം മുല്ലശേരിവീട്ടില്‍ പരേതനായ ഗോവിന്ദന്റെ മകള്‍ സിന്ധു (35) വിനെയാണ്‌ ഇന്നലെ ഉച്ചയ്‌ക്ക് 12.30-ഓടെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്‌. സെപ്‌റ്റംബറില്‍ നടക്കേണ്ട വിവാഹത്തിനായി വായ്‌പ തരപ്പെടുത്തുന്നതിന്‌ മാതാവ്‌ പുറത്തുപോയ സമയത്താണ്‌ സംഭവം. പറഞ്ഞുറപ്പിച്ച സ്‌ത്രീധനം നല്‍കാന്‍ കഴിയില്ലെന്നതിനാലാണ്‌ ആത്മഹത്യ ചെയ്‌തതെന്ന്‌ പോലീസ്‌ പറഞ്ഞു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്‌: രുഗ്മിണി. സഹോദരന്‍: മോഹനന്‍. മുഹമ്മ പോലീസ്‌ കേസെടുത്തു.

Friday, June 4, 2010

നമ്മളെ അവര്‍ കടലില്‍ താഴ്ത്തും..!


നമ്മുടെ ദേശീയ വിമാന കമ്പനികള്‍ നമ്മെ സ്നേഹിച്ചു കൊല്ലും എന്നതിന് ഇനിയെന്ത് തെളിവ് വേണം? ആകാശത്ത് വെച്ച് അടിപിടി നടത്തിയവര്‍ ഇനിയും എന്തൊക്കെ ചെയ്യും ആവോ? ഒരു വാര്‍ത്ത നോക്കുക. വായിച്ച ശേഷം നെഞ്ചിടിപ്പ് കൂടിയെന്കില്‍ ആരെയും കുറ്റപ്പെടുത്തേണ്ട! സ്വയം സഹിച്ചാല്‍ മതി.

മേയ്‌26ന്‌ ദുബായ്‌-പുനെ എയര്‍ ഇന്ത്യാ എക്‌സ്പ്രസ്‌ അറബിക്കടലില്‍ വീഴാതെ രക്ഷപ്പെട്ടത്‌ തലനാരിഴയ്‌ക്ക്. വിമാനം ഓട്ടോമാറ്റിക്‌ സംവിധാനത്തിലിട്ട്‌ ഫസ്‌റ്റ് ഓഫീസറെ കോക്‌പിറ്റിന്റെ ചുമതലയേല്‍പിച്ച്‌ പ്രധാന പൈലറ്റ്‌ പുറത്തുപോയിരുന്നു. താഴേക്കു പതിച്ച വിമാനം നിയന്ത്രിക്കുന്നതില്‍ ഫസ്‌റ്റ് ഓഫീസര്‍ പരാജയപ്പെട്ടപ്പോള്‍ കൃത്യസമയത്തു തിരികെയെത്തി വിമാനം വീണ്ടും ഉയര്‍ത്താന്‍ പ്രധാന പൈലറ്റിനു കഴിഞ്ഞതാണു വന്‍ദുരന്തം ഒഴിവാക്കിയത്‌. വിമാനം അറബിക്കടലില്‍ പതിക്കാന്‍ രണ്ടു മിനിറ്റ്‌ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. സാങ്കേതിക തകരാറുണ്ടാകാതിരിക്കാന്‍ ഭാഗ്യവും തുണയായി.
വിമാനം 37,000 അടി ഉയരത്തില്‍ പറക്കുമ്പോഴാണ്‌ ജീവനക്കാരടക്കം 118 യാത്രക്കാരുണ്ടായിരുന്ന വിമാനത്തിന്റെ ചുമതല ഫസ്‌റ്റ് ഓഫീസറെ ഏല്‍പിച്ച്‌ പ്രധാന പൈലറ്റ്‌ ടോയ്‌ലറ്റില്‍ പോയത്‌. നിയന്ത്രണം നഷ്‌ടപ്പെട്ട വിമാനം അയ്യായിരം അടിയോളം താഴേക്കു പോന്നു. മറ്റൊരു വിമാനത്തിന്റെ സഞ്ചാരപഥത്തിലേക്കു താണ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ പ്രധാന പൈലറ്റ്‌ അല്‍പം വൈകിയിരുന്നെങ്കില്‍ വന്‍ ദുരന്തം സംഭവിക്കുമായിരുന്നു. മംഗലാപുരം വിമാനദുരന്തത്തിനു നാലു ദിവസത്തിനു ശേഷമായിരുന്നു ഈ സംഭവം. ടോയ്‌ലറ്റില്‍ പോയ പ്രധാന പൈലറ്റ്‌ മടങ്ങിയെത്തി കോക്‌പിറ്റ്‌ തുറക്കാനുള്ള ബട്ടണ്‍ അമര്‍ത്തിയെങ്കിലും ഫസ്‌റ്റ് ഓഫീസറില്‍നിന്നു പ്രതികരണമുണ്ടായില്ല.

അപകടം മണത്ത പ്രധാന പൈലറ്റ്‌ അടിയന്തര കോഡ്‌ ഉപയോഗിച്ച്‌ വാതില്‍ തുറന്ന്‌ അകത്തുകടക്കുകയായിരുന്നു. വിമാനം 23 ഡിഗ്രി ചരിവില്‍ അതിവേഗം താഴേക്കു പതിക്കുന്നതാണ്‌ അദ്ദേഹത്തിനു കാണാന്‍ കഴിഞ്ഞത്‌. ശബ്‌ദവേഗത്തിന്‌ അല്‍പം മാത്രം താഴെയായിരുന്നു വിമാനത്തിന്റെ വീഴ്‌ച. അതിപ്രഗത്ഭനായ പൈലറ്റ്‌ വിമാനം നിയന്ത്രണവിധേയമാക്കി മേലോട്ടുയര്‍ത്തിയതുമൂലം ദുരന്തം ഒഴിവായി. അതിവേഗത്തില്‍ താഴേക്കു പതിക്കുന്ന വിമാനം പെട്ടെന്ന്‌ ഉയര്‍ത്തുമ്പോള്‍ സാങ്കേതിക തകരാറുണ്ടാകാന്‍ സാധ്യത കൂടുതലാണെങ്കിലും പൈലറ്റിന്റെ പ്രാഗത്ഭ്യത്തിന്‌ അതിനെയും അതിജീവിക്കാന്‍ കഴിഞ്ഞു. താഴേക്കു പതിച്ച വിമാനം നിയന്ത്രിക്കാന്‍ ഫസ്‌റ്റ് ഓഫീസര്‍ക്കു കഴിയാതെപോയത്‌ എന്തുകൊണ്ടെന്നു വ്യക്‌തമായിട്ടില്ല. ഫസ്‌റ്റ് ഓഫീസര്‍മാര്‍ക്ക്‌ എയര്‍ ഇന്ത്യാ എക്‌സ്പ്രസ്‌ നല്‍കുന്ന പരിശീലനത്തിന്റെ മികവ്‌ ഇതോടെ ചോദ്യംചെയ്യപ്പെട്ടിരിക്കുകയാണ്‌. രണ്ടു പൈലറ്റുമാരെയും ജോലിയില്‍നിന്നു മാറ്റിനിര്‍ത്തിക്കൊണ്ട്‌ എയര്‍ ഇന്ത്യാ എക്‌സ്പ്രസ്‌ നടത്തുന്ന അന്വേഷണം പൂര്‍ത്തിയായിട്ടില്ല.